ജിയേ തോ ജിയേ കൈസേ,ബിന് ആപ്കേ...
text_fieldsമുംബൈ: പ്രണയവും ലഹരിയും ചാലിച്ച് സംഗീതാസ്വാദകരുടെ മനംകവർന്ന ഗസലുകളുടെ ചക്രവർത്തി പങ്കജ് ഉധാസ് (72) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായ അദ്ദേഹം തിങ്കളാഴ്ച രാവിലെ 11ന് നഗരത്തിലെ ബ്രീച്ച്കാൻഡി ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. നൂറ്റാണ്ടിലെ മികച്ചതിലൊന്നായി ബി.ബി.സി പരിഗണിച്ച ‘ചിട്ടി ആയിഹെ’ എന്ന ഗാനം അനശ്വരമാക്കിയത് പങ്കജിന്റെ വേറിട്ട ആലാപന ശൈലിയാണ്. 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങ് ചൊവ്വാഴ്ച നടക്കും.
1951 മേയ് 17ന് ഗുജറാത്തിലെ ജേത്പുരിൽ സംഗീതാഭിരുചിയുള്ള കുടുംബത്തിലായിരുന്നു ജനനം. പതിവ് ശൈലികളിൽനിന്ന് വഴിമാറിയ നനവാർന്ന ശബ്ദവും ആലാപന ശൈലിയും കൊണ്ടാണ് പങ്കജ് ആസ്വാദകരുടെ ഹൃദയം കവർന്നത്. സിനിമ, ഗസൽ രംഗങ്ങളിൽ സജീവമായിരുന്ന സഹോദരന്മാർ മൻഹർ ഉധാസ്, നിർമൽ ഉധാസ് എന്നിവരെ പിൻപറ്റിയാണ് സംഗീത ലോകത്തേക്കുള്ള വരവ്. പിതാവ് കേശുഭായ് ഉധാസ് മക്കളുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ് രാജ്കോട്ടിലെ സംഗീത അക്കാദമിയിൽ ചേർക്കുകയായിരുന്നു. തബലയിലായിരുന്നു പങ്കജിന് താൽപര്യം. പിന്നീട് ആലാപനത്തോട് ഇഷ്ടംതോന്നുകയായിരുന്നു. അതോടെ ഗുലാം ഖാദിർ ഖാൻ, ഗ്വാളിയോർ ഘരാനയിലെ നവരംഗ് നാഗ്പുർകർ എന്നിവരുടെ ശിഷ്യനായി. സിനിമ പാട്ടുകളേക്കാൾ ഗസലുകളോടായിരുന്നു പ്രണയം. അതിനായി ഉർദു ഭാഷ പഠിച്ചു. ഇന്ത്യ-ചൈന യുദ്ധകാലത്ത് പൊതുവേദിയിൽ ‘ആയെ മേരെ വത്തൻകെ ലോക്’ പാടിയതിന് അന്നത്തെ 51 രൂപ സമ്മാനമായി ലഭിച്ചു. ഉഷ ഖന്ന സംഗീതം നിർവഹിച്ച ‘കാമന’ എന്ന ചിത്രത്തിലെ പാട്ടാണ് ആദ്യ സിനിമ ഗാനം. പടം വിജയിച്ചില്ലെങ്കിലും പാട്ട് ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ഗസലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
1980ൽ ‘ആഹത്’ എന്ന ആൽബത്തിലെ ഗസലുകളിലൂടെയും 1986ലെ മഹേഷ് ഭട്ട് സിനിമയായ ‘നാം’മിലെ ‘ചിട്ടി ആയി ഹെ’ എന്ന പാട്ടിലൂടെയുമാണ് പങ്കജ് ശ്രദ്ധനേടിയത്. മൊഹ്റയിലെ ‘നാ കജ്റേ കി ധാർ’, ആൽബങ്ങളിലെ ‘ചാന്ദി ജൈസ രംഗ്’, ‘ഏക് തരഫ് ഉസ്കാ ഘർ’ തുടങ്ങിയ അവിസ്മരണീയ ഗാനങ്ങൾ തന്റെ നനവാർന്ന ശബ്ദത്തിലൂടെ ആലപിച്ച് പങ്കജ് ജനഹൃദയങ്ങൾ കീഴടക്കി. ‘ആഹതിന്’ പിന്നാലെ ഓരോ വർഷവും ഇറങ്ങിയ മുക്രാർ, തരന്നും, മെഹ്ഫിൽ, നയാബ്, അഫ്രീൻ തുടങ്ങിയ ഗസൽ ആൽബങ്ങളും ഹിറ്റായി. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്ക് 50ലധികം ആൽബങ്ങളും നൂറിലേറെ സമാഹാര ആൽബങ്ങളും അദ്ദേഹം സമ്മാനിച്ചു. യേ ദില്ലഗി, സാജൻ, ഫിർ തേരി കഹാനി യാദ് ആയേ തുടങ്ങിയ സിനിമകളിൽ പങ്കജ് പാടി പ്രത്യക്ഷപ്പെട്ടു. ഫരീദ ഉഷസാണ് ഭാര്യ. നയാബ്, റീവ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.