ജി.ഡി.പിയിൽ മറിമായം: സർക്കാറിെൻറ തറവേലയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: യു.പി.എ സർക്കാറിെൻറ കാലത്തെ മൊത്ത ആഭ്യന്തര വളർച്ച കണക്കുകൾ കുറച്ചു കാണിച്ച് കേന്ദ്രം. സാമ്പത്തിക മാന്ദ്യത്തിെൻറ തീവ്രത മറച്ചുപിടിക്കാൻ മുൻകാലത്തെ കണക്ക് തിരുത്തിയ മോദിസർക്കാറിെൻറ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തി. സർക്കാർ തറവേല കളിക്കുകയാണെന്ന് മുൻധന മന്ത്രി പി. ചിദംബരം കുറ്റപ്പെടുത്തി. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ വളർച്ച തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പൊളിച്ചെഴുതിയാണ് മൻമോഹൻസിങ് സർക്കാറിനെ മോദിസർക്കാർ ‘കൊച്ചാക്കി’യത്. പുതിയ മാനദണ്ഡംവെച്ച് അളന്നപ്പോൾ 2010-11 സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 10.3ൽ നിന്ന് 8.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഉദാരീകരണത്തിനു ശേഷം ജി.ഡി.പി രണ്ടക്കത്തിലെത്തിയ ഏക വർഷമായിരുന്നു 2010-11.
ജി.ഡി.പി കണക്കാക്കുന്ന രീതിയുടെയും മാനദണ്ഡങ്ങളുടെയും അലകുംപിടിയും മാറ്റുക വഴിയാണ് നിരക്ക് കുറച്ചത്. 2005 മുതൽ 2014 വരെയുള്ള യു.പി.എ ഭരണകാലത്തെ ശരാശരി ജി.ഡി.പി 8.01 ശതമാനമെന്നാണ് നേരത്തേ കണക്കാക്കിയത്. ഇപ്പോഴത്തെ പുതുക്കൽ വഴി അത് 6.7 ശതമാനം മാത്രമായി ചുരുങ്ങി. മോദിസർക്കാറിെൻറ കാലത്തെ (2014-18) ശരാശരി ജി.ഡി.പി 7.3 ശതമാനം. ഫലത്തിൽ മുൻ സർക്കാറിനേക്കാൾ സാമ്പത്തിക രംഗം ശോഭനം.
രീതിമാറ്റുന്നതിന് നിതി ആയോഗിെൻറ നേതൃത്വത്തിൽ വിദഗ്ധരുടെ രണ്ടു വട്ടമേശ സമ്മേളനങ്ങൾ നടന്നിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ ബാക്ക് സീരീസ് ഡാറ്റ സമ്പ്രദായത്തിലുള്ള വിവര ക്രോഡീകരണമാണ് നടത്തിയതെന്നാണ് മുഖ്യ സ്ഥിതിവിവര വിദഗ്ധൻ പ്രവീൺ ശ്രീവാസ്തവയും ധനമന്ത്രി അരുൺ ജെയ്റ്റ്ലി, നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ എന്നിവരും പറയുന്നത്. സൂക്ഷ്മ പരിശോധനകൾക്കുശേഷമാണ് പുതിയ ജി.ഡി.പി നിരക്ക് പ്രഖ്യാപിച്ചതെന്നും മുൻകാല കണക്കുകൾ വികലമായി ചിത്രീകരിച്ചിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.