വളർച്ച 6.3ൽ; പിടിവള്ളിയാക്കി സർക്കാർ
text_fieldsന്യൂഡൽഹി: അഞ്ച് ത്രൈമാസ കണക്കുകളിൽ തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച (ജി.ഡി.പി) നിരക്കിന് ഗതിമാറ്റം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സ്ഥിതിവിവരം പുറത്തുവന്നപ്പോൾ ജി.ഡി.പി തൊട്ടുമുമ്പത്തെ മൂന്നു മാസത്തെ 5.7ൽ നിന്ന് 6.3 ശതമാനത്തിലെത്തി. വളർച്ച നിരക്കിലെ പുരോഗതി കേന്ദ്രസർക്കാറിന് സമാശ്വാസത്തിെൻറ പിടിവള്ളിയായി.
നോട്ട് അസാധുവാക്കിയതും ധിറുതി പിടിച്ച് ജി.എസ്.ടി നടപ്പാക്കിയതും മൂലം കടുത്ത മാന്ദ്യത്തിലാണ് സമ്പദ്രംഗം. സ്വകാര്യ നിക്ഷേപമില്ലായ്മ, കിട്ടാക്കടം പെരുകൽ, കയറ്റുമതി മുരടിപ്പ്, ധനകമ്മി വർധന എന്നിവക്കൊപ്പം അനൗപചാരിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. നടപ്പു സാമ്പത്തിക വർഷം ആദ്യ മൂന്നു മാസങ്ങളിലെ കണക്ക് പുറത്തുവന്നപ്പോൾ ജി.ഡി.പി 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് അതിെൻറ പ്രതിഫലനമായിരുന്നു. എന്നാൽ രാജ്യത്തിെൻറ സാമ്പത്തിക പ്രവർത്തനങ്ങളിൽ പുതിയ ഉണർവ് കാണിച്ചുകൊണ്ടാണ് ആഭ്യന്തര ഉൽപാദന വളർച്ച 6.3 ശതമാനത്തിലെത്തിയത്.
ഉൽപാദന മേഖലയിലെ വളർച്ചയാണ് ജി.ഡി.പി നിരക്കിൽ പ്രതിഫലിച്ചത്. എന്നാൽ, മറ്റു പ്രധാന രംഗങ്ങളെല്ലാം കൂപ്പുകുത്തിയചിത്രമാണ് പുതിയ സ്ഥിതിവിവര കണക്കിലും തെളിയുന്നത്. ഒരു വർഷം മുമ്പ് ജൂൈല-സെപ്റ്റംബർ മാസങ്ങളിൽ കാർഷിക മേഖലയിലെ വളർച്ചനിരക്ക് 4.1 ശതമാനമായിരുന്നു. പുതിയ കണക്കു പ്രകാരം അത് 1.7 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. നിർമാണ മേഖലയിലെ വളർച്ച ഒരു വർഷം മുമ്പത്തെ 4.2ൽ നിന്ന് 2.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. ധനകാര്യ സേവന രംഗങ്ങളിൽ ഒരു വർഷത്തിനിടയിൽ വളർച്ചനിരക്ക് ഏഴു ശതമാനത്തിൽ നിന്ന് 5.7ലേക്ക് താഴ്ന്നു. ത്രൈമാസ കണക്കുകൾ കരകയറുന്നതിെൻറ പ്രവണത കാണിക്കുന്നത് പ്രോത്സാഹജനകമാണെന്ന് സർക്കാറിെൻറ മുഖ്യ സ്ഥിതിവിവര വിദഗ്ധൻ ഡോ. ടി.സി.എ. ആനന്ദ് പറഞ്ഞു. വളർച്ചനിരക്ക് ഇടിയുന്ന സ്ഥിതിയിൽ മാറ്റം വന്നതിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും സന്തോഷം പ്രകടിപ്പിച്ചു.
ജി.എസ്.ടി പ്രശ്നങ്ങളും മറ്റും തുടരുന്നതിനാൽ അടുത്ത ത്രൈമാസ കണക്കിലും വളർച്ചയുണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് മുൻധനമന്ത്രി പി. ചിദംബരം പറഞ്ഞു. ബി.ജെ.പിയിൽ അരുൺ ജെയ്റ്റ്ലിയുടെ പ്രതിയോഗിയായ മുൻ ധനമന്ത്രി യശ്വന്ത്സിൻഹയും കണക്കുകളിൽ വലിയ വിശ്വാസം പ്രകടിപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.