മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തയാറാണ്; പക്ഷേ ഈ പദവി എന്നെ വിട്ടുപോകുന്നില്ല -അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താൻ തന്നെയായിരിക്കുമെന്ന സൂചനയുമായി അശോക് ഗെഹ്ലോട്ട്. ''മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സത്യത്തിൽ ഞാൻ തയാറാണ്. എന്നാൽ ഈ പദം എന്നെ വിട്ടുപോകുന്നതില്ല എന്നതാണ് സത്യം. ദൈവം അനുവദിച്ചാൽ നാലാംതവണയും നിങ്ങൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞു. എന്നാൽ ഇതൊഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എന്നായിരുന്നു അവർക്ക് നൽകിയ മറുപടി. പക്ഷേ ഈ പദവി എന്നെ വിട്ടുപോകുന്നേയില്ല. ഭാവിയിലും വിട്ടുപോകുമെന്ന് തോന്നുന്നില്ല.''-എന്നാണ് ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ ഗെഹ്ലോട്ട് പറഞ്ഞത്.
എന്തെങ്കിലും കണ്ടിട്ടായിരിക്കുമല്ലോ പാർട്ടി ഹൈക്കമാൻഡ് തന്നെ മൂന്ന് തവണയും സംസ്ഥാനം ഭരിക്കാൻ തെരഞ്ഞെടുത്തതെന്നും ഗെഹ്ലോട്ട് ചോദിച്ചു. രാജസ്ഥാനിലെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തിലാണ് ഗെഹ്ലോട്ടിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്. ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലേക്ക് പാർട്ടിയുടെ മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിനെ ക്ഷണിക്കാത്തതിനെ തുടർന്ന് വീണ്ടും അധികാര തർക്കം രൂക്ഷമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ടിക്കറ്റ് നൽകിയതിലും അതൃപ്തിയുണ്ട്. നവംബർ 25നാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സച്ചിൻ പൈലറ്റുമായുള്ള കലഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷമിക്കുക, മറക്കുക എന്ന നയമാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബി.ജെ.പിയുടെ കുതന്ത്രങ്ങളാണ് കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിൽ ഭിന്നതയില്ലാത്തതാണ് ഇപ്പോൾ ബി.ജെ.പിയുടെ തലവേദനയെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.