മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത പ്രവർത്തനം; എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിന്റെ സാധ്യതക്ക് മങ്ങൽ
text_fieldsന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ നടന്ന വിമത നീക്കം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗെഹ്ലോട്ടിന്റെ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോകാതിരിക്കാനുള്ള ഗെഹ്ലോട്ടിന്റെ നടപടികളാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതയെ മങ്ങിപ്പിക്കുന്നത്. ഗെഹ്ലോട്ടിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് പുനർവിചിന്തനം നടത്തുമെന്നാണ് റിപ്പോർട്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യപ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചപ്പോൾ ഹൈക്കമാന്റിന് താത്പര്യമുള്ള സ്ഥാനാർഥിയായിരുന്നു ഗെഹ്ലോട്ട്. ഗെഹ്ലോട്ടിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്നാൽ, പണ്ടേ പിണങ്ങി നിൽക്കുന്ന സചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകി സന്തോഷിപ്പിക്കാമെന്നായിരുന്നു നേതൃത്വം ചിന്തിച്ചത്.
എന്നാൽ അധ്യക്ഷനാകാൻ ഗെഹ്ലോട്ട് വലിയ താത്പര്യം കാണിച്ചില്ല. മത്സരിക്കണമെന്ന ഹൈക്കമാന്റ് നിർദേശം തള്ളിക്കളയാൻ സാധിക്കാത്തതിനാൽ ആദ്യം രണ്ട് സ്ഥാനം കൂടി വഹിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ഒരാൾക്ക് ഒരു പദവിയെന്നത് കൃത്യമായി പാലിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം സമ്മതിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്ന് രാഹുലിന് ഉറപ്പ് നൽകി പോയ ഗെഹ്ലോട്ട് രാജസ്ഥാനിലെത്തി എം.എൽ.എമാരെ വിളിച്ചു ചേർത്ത് മറ്റൊരു നാടകത്തിനാണ് തിരികൊളുത്തിയത്.
താൻ രാജിവെക്കുകയാണെങ്കിൽ താൻ നിർദേശിക്കുന്ന മൂന്നുപേരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. എന്തായായലും 2020 ൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സചിൻ പൈലറ്റിനെയോ അദ്ദേഹത്തിനൊപ്പമുള്ളവരെയോ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് എം.എൽ.എമാരും വ്യക്തമാക്കി.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നീട്ടിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം നടത്താമെന്ന നിർദേശവും ഗെഹ്ലോട്ട് പക്ഷം മുന്നോട്ട് വെച്ചു. ഗെഹ്ലോട്ട് പ്രസിഡന്റായായൽ പിന്നെ അദ്ദേഹം നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കേണ്ടി വരും.
മുഖ്യമന്ത്രി അദ്ദേഹത്തിന് സൗകര്യമുള്ള ദിവസവും സമയവും നോക്കി വിളിച്ച കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ എം.എൽ.എമാർ വിട്ടു നിന്നത് അംഗീകരിക്കാനാവുന്നതല്ലെന്നാണ് യോഗത്തിൽ നിരീക്ഷകരാവാൻ എത്തിയ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കെനും പറയുന്നത്. സംഭവത്തെ കുറിച്ച് സോണിയക്ക് റിപ്പോർട്ട് നൽകാനും തീരുമാനമുണ്ട്.
ഇതോടെ ഗെഹ്ലോട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സര സാധ്യത മങ്ങിയിരിക്കുകയാണ്. ആകെ തകർന്നു നിൽക്കുന്ന കോൺഗ്രസിനെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയെന്ന വലിയ ഉത്തരവാദിത്തമാണ് അധ്യക്ഷന് നിർവഹിക്കാനുള്ളത് എന്നിരിക്കെ, അധികാരത്തിന് വേണ്ടി വിമത പ്രവർത്തനം നടത്തിയ ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കുന്നതിനോട് പല നേതാക്കൾക്കും താത്പര്യം കുറഞ്ഞിട്ടുണ്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ടിനെ പരിഗണിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യത കുറവാണെന്ന് ഗെഹ്ലോട്ട് പക്ഷക്കാരായ എം.എൽ.എമാർ തന്നെ പറയുന്നു. അതിനാൽ അദ്ദേഹം മുഖ്യമന്ത്രിയായി തന്നെ തുടരും. അപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ യോഗം ചേരുന്നത് എങ്ങനെ വിമത പ്രവർത്തനമാകുമെന്നാണ് എം.എൽ.എ ബി.എൽ. ബൈരവ ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.