ഒഡിഷ ട്രെയിൻ ദുരന്തം: നടപടിയുമായി റെയിൽവെ; സൗത്ത് ഈസ്റ്റേൺ ജനറൽ മാനേജർ അർച്ചന ജോഷിയെ മാറ്റി
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ റെയിൽവെയിലെ ഉന്നതർക്കതിരെ നടപടിയുമായി അധികൃതർ. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്രയെ നിയമിച്ചു.
ട്രെയിൻ ദുരന്തത്തില്‍ റെയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ജൂൺ 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ 'പതിവ് രീതി' അനുസരിച്ച് മാത്രമാണെന്നായിരുന്നു റെയിൽവെയുടെ വിശദീകരണം.
സ്ഥലംമാറ്റിയ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു. ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയിൽവെയുടെ നടപടി.
ജൂണ്‍ രണ്ടിനായിരുന്നു മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 292 പേരുടെ മരണത്തിനിടയാക്കിയ നടുക്കുന്ന ദുരന്തം. കോറമാണ്ഡല്‍ -ചെന്നൈ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയും പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂര്‍ -ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) 52 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.
അപകടത്തിൽ അന്വേഷണം നടത്തുന്ന സി ബി ഐ സംഘം നേരത്തെ ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് വ്യാപകമായി നുണകളും മുസ്‍ലിം വിദ്വേഷവും പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്‌റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് അപകടത്തിന് ശേഷം ഒളിവിലാണെന്നായിരുന്നു ഒരു പ്രചാരണം. എന്നാൽ, അങ്ങനെ ഒരാൾ അവിടെ ജോലിയിൽ ഉണ്ടായിരുന്നില്ല. എസ്ബി മൊഹന്തി എന്ന അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇദ്ദേഹം അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിച്ചതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഷരീഫ് എന്ന പേരിൽ സംഘ്പരിവാറുകാർ പ്രചരിപ്പിച്ച ചിത്രം 2004 മാർച്ചിൽ ഒരു ബ്ലോഗിൽ വന്ന മറ്റൊരാളുടെ ചിത്രമാണെന്നും കണ്ടെത്തിയിരുന്നു. ബോറ ഗുഹാലു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ചിത്രമാണ് ഇത്.
ഇതിനുപിന്നാലെ, ‘അപകടക്കേസിലെ മുഖ്യപ്രതിയും ബഹനാഗ സ്റ്റേഷൻ മാസ്റ്ററുമായ മുഹമ്മദ് ഷെരീഫിനെ പശ്ചിമ ബംഗാളിലെ ഒരു മദ്സയിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി’ എന്ന പേരിൽ ഒരുവിഡിയോ ഹിന്ദുത്വ അക്കൗണ്ടുകൾ പ്രചരിപ്പിച്ചു. സ്പെയിനിൽ നടന്ന സംഭവമാണ് ഇവർ ബംഗാളിലേതാക്കി പ്രചരിപ്പിച്ചത്.
തുടർന്ന്, അമീർ ഖാൻ എന്ന് പേരുള്ള റെയിൽവെയിലെ മുസ്‍ലിമായ ജൂനിയർ എൻജിനീയർ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തീവ്ര വലതുപക്ഷ പ്രചാരകരും സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ, ഇത് നുണയാണെന്നും ജീവനക്കാരെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ തന്നെ അറിയിച്ചു. ‘ബഹനാഗ റെയിൽവെ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്, അന്വേഷണത്തിന്റെ ഭാഗമായി അവർ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നുമുണ്ട്’ -സൗത്ത് ഈസ്റ്റേൺ റെയിൽവേ സി.പി.ആർ.ഒ ആദിത്യ കുമാർ ചൗധരി എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ വിഡിയോയിൽ പറഞ്ഞു.
അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാണെന്നുമായിരുന്നു ആദ്യം പ്രചരിപ്പിച്ചത്. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോ മാർക്ക് നൽകിയ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. എന്നാൽ, അത് പള്ളിയല്ലെന്നും ഇസ്കോൺ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.