നിരാഹാര സമരവുമായി ജനറൽ മോട്ടോഴ്സ് ജീവനക്കാർ
text_fieldsപൂണെ: നിരാഹാര സമരവുമായി ജനറൽ മോട്ടോഴ്സ് ജീവനക്കാർ. എംപ്ലോയീസ് യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ജീവനക്കാരെ ഹ്യൂണ്ടായ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച മുതൽ സമരം തുടങ്ങുന്നത്. 2017ൽ ഇന്ത്യ വിട്ടതിന് ശേഷം ജനറൽ മോട്ടോഴ്സ് അവരുടെ പൂണെയിലെ പ്ലാന്റ് ഹ്യുണ്ടായിക്ക് വിറ്റിരുന്നു. എന്നാൽ, വിൽപനക്ക് ശേഷം പ്ലാന്റിലെ 1000ത്തോളം സ്ഥിര ജീവനക്കാരുടെ കാര്യത്തിൽ ഹ്യുണ്ടായ് ഉറപ്പൊന്നും നൽകിയിട്ടില്ല.
ജീവനക്കാരെ ഹ്യുണ്ടായ് ഏറ്റെടുത്തില്ലെങ്കിൽ അത് വലിയ തൊഴിലില്ലായ്മക്ക് കാരണമാകുമെന്ന് ജനറൽ മോട്ടോഴ്സിലെ തൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇടപെടുന്നതിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ എൻ.ഡി.എ സർക്കാർ പരാജയമാണെന്നും തൊഴിലാളി യൂണിയൻ ആരോപിച്ചു.
മഹാരാഷ്ട്ര സ്റ്റേറ്റ് ലേബർ ആക്ഷൻ കമിറ്റിയും ശ്രമിക് ഏക്ത ഫെഡറേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളെ ഏറ്റെടുക്കാതെ ഹ്യുണ്ടായിക്ക് പ്ലാന്റ് തുടങ്ങാൻ അനുമതി നൽകരുതെന്ന് മഹാരാഷ്ട്ര സർക്കാറിനോട് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിന് ശേഷം 2017ലാണ് ജനറൽ മോട്ടോഴ്സ് ഇന്ത്യ വിട്ടത്. തുടർന്ന് പ്രതിവർഷം ഒരു ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ള പൂണെയിലെ പ്ലാന്റ് ജനറൽ മോട്ടോഴ്സ് ഹ്യുണ്ടായിക്ക് വിൽക്കുകയായിരുന്നു. 2025ഓടെ പ്ലാന്റിൽ ഉൽപാദനം തുടങ്ങാനാണ് ഹ്യുണ്ടായ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.