ജോർജ് സോറോസ് ബന്ധം: ബംഗളൂരുവിൽ എട്ടിടങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsബംഗളൂരു: ഭരണകക്ഷിയായ ബി.ജെ.പിയും കേന്ദ്ര സർക്കാരും ആരോപണമുനയിൽ നിർത്തുന്ന അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസുമായി ബന്ധമുള്ള എട്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വിദേശ വിനിമയ ചട്ട ലംഘനം ആരോപിച്ചാണ് നടപടി.
മനുഷ്യാവകാശം, നീതി, ഉത്തരവാദിത്ത ഭരണം തുടങ്ങിയവക്കായി ആഗോളതലത്തിൽ വിവിധ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകുന്നതിന് ജോർജ് സോറോസ് സ്ഥാപിച്ച ഓപൺ സൈാസൈറ്റി ഫൗണ്ടേഷന്റെ (ഒ.എസ്.എഫ്) ബംഗളൂരു ഓഫിസിലും ഒ.എഫ്.എസുമായി ബന്ധമുള്ള സംഘടനകളുടെ ഓഫിസിലുമായിരുന്നു റെയ്ഡ്.
2020ൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച ആംനസ്റ്റി ഇനറർനാഷണലിന്റെ മുൻ ഉദ്യോഗസ്ഥർ, ഹ്യൂമൻ റൈറ്റ്സ് വാച്ച് ജീവനക്കാർ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. ഒ.എസ്.എഫ് ഇന്ത്യയിൽ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംശയാസ്പദമാണെന്ന് ആരോപിച്ച്, രാജ്യത്തെ സന്നദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന് 2016ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇത് മറികടക്കുന്നതിന് ഇന്ത്യയിൽ ഉപസ്ഥാപനം തുറന്ന് നേരിട്ടുള്ള വിദേശനിക്ഷേപം എന്ന രീതിയിലും കൺസൾട്ടൻസി ഫീസ് എന്ന നിലയിലും ഒ.എഫ്.എസ് ഫണ്ട് എത്തിച്ചുവെന്നാണ് ആരോപണം. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് എന്നിവയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.