ജർമൻ ചാൻസലർ ഒലഫ് ഷോൾസ് ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: സുരക്ഷയും പ്രതിരോധവും ഇന്ത്യയും ജർമനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായി മാറുമെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിൽ ഇന്ത്യയും ജർമനിയും തമ്മിൽ സഹകരണം സജീവമാണെന്നും അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്നും ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചക്ക് ശേഷം മോദി പറഞ്ഞു.
ഇന്ത്യയും ജർമനിയും സാംസ്കാരികവും സാമ്പത്തികവുമായ കൈമാറ്റങ്ങളുടെ നീണ്ട ചരിത്രം പങ്കിടുന്നുണ്ടെന്ന് മോദി ഓർമിപ്പിച്ചു. സുപ്രധാനമായ ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ചചെയ്തുവെന്നും യു.എൻ രക്ഷാ സമിതി അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപന പരിഷ്കരണം ആവശ്യമാണെന്ന് ഇരുകൂട്ടരും സമ്മതിച്ചുവെന്നും മോദി പ്രസ്താവനയിൽ വ്യക്തമാക്കി. യുക്രെയ്നിലെ സംഭവവികാസങ്ങളുടെ തുടക്കം മുതൽ തർക്കം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കിയതാണെന്നും ഏത് സമാധാന പ്രക്രിയക്കും സംഭാവന നൽകാൻ ഇന്ത്യ തയാറാണെന്നും മോദി തുടർന്നു. കോവിഡ് മഹാമാരിയുടെയും യുക്രെയ്ൻ സംഘർഷത്തിന്റെയും പ്രത്യാഘാതങ്ങൾ വികസ്വര രാജ്യങ്ങളെ പ്രത്യേകിച്ച് പ്രതികൂലമായി ബാധിച്ചുവെന്നും ഇതേക്കുറിച്ചുള്ള ആശങ്ക ഇരുകൂട്ടരും പ്രകടിപ്പിച്ചുവെന്നും മോദി പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശനിയാഴ്ചയാണ് ഷോൾസ് ഇന്ത്യയിലെത്തിയത്. ഡിജിറ്റൽ പരിവർത്തനം, ഫിൻടെക്, വിവരസാങ്കേതിക വിദ്യ, ടെലികോം, വിതരണ ശൃംഖലകളുടെ വൈവിധ്യവത്കരണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇരുരാജ്യങ്ങളിലെയും വ്യവസായികൾ തമ്മിലുള്ള ചർച്ച. പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.