രാഹുലിന്റെ അയോഗ്യത: പ്രതികരണവുമായി ജർമനിയും
text_fieldsന്യൂഡൽഹി: യു.എസിനു പിന്നാലെ, രാഹുൽ ഗാന്ധി അയോഗ്യത വിഷയത്തിൽ പ്രതികരണവുമായി ജർമനിയും. ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവാണ് രാഹുൽ ഗാന്ധിക്ക് സ്വതന്ത്ര നിയമവ്യവസ്ഥ വിഭാവനം ചെയ്യുന്ന പരിഗണന ലഭിക്കുമെന്ന് കരുതുന്നതായി പറഞ്ഞത്. രണ്ടു ദിവസം മുമ്പ് സമാന രീതിയിലാണ് അമേരിക്കയും പ്രതികരിച്ചത്.
നിയമവാഴ്ചയോടും സ്വതന്ത്ര ജുഡീഷ്യറിയോടുമുള്ള ആദരവാണ് ഏത് ജനാധിപത്യത്തിന്റെയും അടിത്തറയെന്നും ജനാധിപത്യ മൂല്യങ്ങൾക്കായുള്ള സംയുക്ത താൽപര്യം മുൻനിർത്തി ഇന്ത്യയോട് സംവദിക്കുമെന്നുമാണ് യു.എസ് വിദേശകാര്യ വകുപ്പ് മുഖ്യ ഉപവക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കിയത്. ജർമനിയുടെ പ്രതികരണം കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വിറ്ററിൽ ഉന്നയിച്ചതോടെ, ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും പുതിയ പോർമുഖം തുറക്കുകയും ചെയ്തു.
രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലേക്ക് കോൺഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ വേട്ടയാടുന്നതുവഴി എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യ ധ്വംസനം നടക്കുന്നതെന്ന കാര്യം വിശദീകരിച്ച ജർമൻ വിദേശകാര്യമന്ത്രാലയത്തിനും ‘ഡ്യൂഷ് വെലെ’ ഇന്റർനാഷനൽ എഡിറ്റർ റിച്ചാർഡ് വാക്കറിനും ദിഗ്വിജയ്സിങ് നന്ദി പ്രകടിപ്പിച്ചതാണ് ബി.ജെ.പിക്ക് ‘ചൊറിച്ചി’ലായത്. ബി.ജെ.പിയുടെ പ്രതികരണം അദാനി വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
രാഹുലിെന്റ അയോഗ്യതയോട് ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിക്കുന്ന വിഡിയോ ഉള്ള മുതിർന്ന മാധ്യമപ്രവർത്തകൻ വാക്കറുടെ ട്വീറ്റ് ദിഗ്വിജയ് സിങ് ടാഗ് ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സ്വതന്ത്രമായ ജുഡീഷ്യറിയുടെ അളവുകോലുകളും ജനാധിപത്യ തത്ത്വങ്ങളും രാഹുലിന്റെ കാര്യത്തിലും ബാധകമാകും എന്നാണ് തങ്ങൾ കരുതുന്നതെന്നുമാണ് ജർമൻ മന്ത്രാലയ വക്താവ് വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
ദിഗ്വിജയ് സിങ്ങിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുമായാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചത്. ‘രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്ക് വിദേശശക്തികളെ ക്ഷണിച്ചതിന് രാഹുൽ ഗാന്ധിക്ക് നന്ദി. വിദേശ ഇടപെടൽവഴി ഇന്ത്യൻ ജുഡീഷ്യറിയെ സ്വാധീനിക്കാം എന്ന് കരുതേണ്ട. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ്. അതിനാൽ, ഇന്ത്യ ഒരുതരത്തിലുമുള്ള വിദേശ സ്വാധീനത്തിന് ഇടംനൽകില്ല’ -റിജിജു പറഞ്ഞു.
ഇതിനോട് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചത് ഇങ്ങനെ: ‘മിസ്റ്റർ റിജിജു എന്തിനാണ് വിഷയത്തിൽനിന്ന് വ്യതിചലിക്കുന്നത്? പ്രധാനമന്ത്രിക്ക് അദാനിയെക്കുറിച്ച രാഹുലിന്റെ ചോദ്യത്തിന് ഉത്തരം നൽകാനാകില്ല എന്നതാണ് വിഷയം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുപകരം ചോദ്യത്തിന് മറുപടി നൽകൂ.’
വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരും കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.