'നാം രണ്ട്, നമുക്ക് രണ്ട്'; രാഹുൽ ഗാന്ധി ഉടൻ വിവാഹം കഴിക്കണം -കേന്ദ്ര മന്ത്രി അതാവലെ
text_fieldsറാഞ്ചി: കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ 'നാം രണ്ട്, നമുക്ക് രണ്ട്' വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. കുടുംബാസൂത്രണ മുദ്രാവാക്യം മുഴക്കുന്ന രാഹുൽ ഗാന്ധി ഉടൻ വിവാഹം കഴിക്കണമെന്നും ഒരു ദലിത് സ്ത്രീയെ വിവാഹം കഴിച്ച് മാതൃക കാട്ടണമെന്നും മന്ത്രി പറഞ്ഞു.
'എന്‍റെ സുഹൃത്ത് കൂടിയായ രാഹുൽ ഗാന്ധി ഇപ്പോൾ 'നാം രണ്ട്, നമുക്ക് രണ്ട്' എന്നാണ് പറയുന്നത്. ഇത് കുടുംബാസൂത്രണ പ്രചാരണത്തിന്‍റെ മുദ്രാവാക്യമാണ്. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി ഉടൻ വിവാഹം കഴിക്കണം. രാഹുൽ ഗാന്ധി ഒരു ദലിത് യുവതിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ ജാതീയത ഇല്ലാതാക്കുകയെന്ന മഹാത്മ ഗാന്ധിയുടെ സ്വപ്നം നിറവേറ്റുകയും ചെയ്യാം. ഇത് യുവാക്കൾക്ക് ഒരു മാതൃകയാവുകയും ചെയ്യും' -അതാവലെ പറഞ്ഞു. രണ്ട് ജാതികൾ തമ്മിലെ വിവാഹത്തിന് തന്‍റെ വകുപ്പിൽ നിന്ന് 2.50 ലക്ഷം നൽകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്സഭയിലെ ബജറ്റ് ചർച്ചയിലാണ് രാഹുൽ ഗാന്ധി 'നാം രണ്ട്, നമുക്ക് രണ്ട്' പരാമർശം കേന്ദ്ര സർക്കാറിനെതിരെ ഉയർത്തിയത്. 'രണ്ടു പേർ മറ്റു രണ്ടുപേർക്കു വേണ്ടി' കൊണ്ടുവന്നതാണു കൃഷി നിയമങ്ങളെന്നും പഴയ കുടുംബാസൂത്രണ മുദ്രാവാക്യം ഓർമിപ്പിക്കുന്ന ഭരണമാണ് രാജ്യത്തെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.