ചിദംബരത്തിനെതിരായ ആരോപണം: ശരിയായ തെളിവുകള്‍ ഹാജരാക്കാന്‍ സുബ്രമണ്യന്‍ സ്വാമിയോട് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: 2006ലെ എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനെതിരായ ആരോപണം തെളിയിക്കാന്‍ ശരിയായ തെളിവുകള്‍ ഹാജരാക്കാന്‍ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനക്കു വിടാതെ, ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട് അനുമതി നല്‍കിയെന്നായിരുന്നു സ്വാമിയുടെ ആരോപണം. 600 കോടിക്കു മുകളിലുള്ള ഇടപാടിന് അനുമതി നല്‍കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിക്ക് (സി.സി.ഇ.എ) മാത്രമേ അധികാരമുള്ളൂ. എയര്‍സെല്‍-മാക്സിസ് ഇടപാട് 3500 കോടി രൂപയുടേതായിരുന്നു. എന്നാല്‍, അത് സി.സി.ഇ.എയുടെ പരിഗണനക്കു വിടാതെ ധനമന്ത്രി നേരിട്ട് അനുമതി നല്‍കുകയായിരുന്നെന്നും സുബ്രമണ്യന്‍ സ്വാമി വാദിച്ചു. എന്നാല്‍, ധനമന്ത്രി പ്രതിദിനം 200 ഫയലുകള്‍ നോക്കുന്നയാളാണെന്നും ആരോപണത്തിന് രേഖാമൂലമുള്ള തെളിവെവിടെയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. സി.ബി.ഐ തയാറാക്കിയ കുറ്റപത്രത്തില്‍ 600 കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കാനേ ധനമന്ത്രിക്ക് അനുവാദമുള്ളൂവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് പ്രതികരിച്ചെങ്കിലും രേഖാമൂലം കൃത്യമായ തെളിവുകള്‍ നല്‍കിയാലേ അംഗീകരിക്കാനാവൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.