പൊലീസുകാരിയെ ഗെറ്റൗട്ട് അടിച്ച് വനിതാ കമീഷൻ; അപമാനിതയാകാൻ വന്നതല്ലെന്ന് പൊലീസുകാരി
text_fieldsചണ്ഡീഗഡ്: വനിതാ പൊലീസ് ഉദ്യോഗസ്ഥയും വനിതാ കമീഷൻ അധ്യക്ഷയും തമ്മിൽ കാമറക്ക് മുന്നിൽ രൂക്ഷമായ വാക്കു തർക്കം. സഹപ്രവർത്തകർക്ക് മുന്നിൽ നടന്ന വാക് തർക്കത്തിനൊടുവിൽ പരുക്കൻ പദപ്രയോഗങ്ങളിലൂടെ പൊലീസ് ഓഫീസറെ വനിതാ കമീഷൻ റൂമിൽ നിന്ന് പറത്താക്കി.
ഹരിയാനയിലെ കൈതാലിലാണ് സംഭവം. ദമ്പതികൾ തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് കൈകാര്യം ചെയ്ത പൊലീസുകാരിക്ക് നേരെയാണ് വനിതാ കമീഷൻ അധ്യക്ഷ രേണു ഭാട്ടിയ ചൂടായത്. പ്രാദേശിക മാധ്യമ പ്രവർത്തകൻ പകർത്തിയ വിഡയോയിൽ വാക് തർക്കം പതിഞ്ഞിട്ടുണ്ട്.
'നിങ്ങൾക്ക് അവനെ(ഭർത്താവിനെ) അടിക്കാമായിരുന്നില്ലേ? പെൺകുട്ടിയെ മൂന്ന് തവണ പരിശോധിച്ചില്ലേ? പുറത്തുപോകൂ. എനിക്ക് ഒന്നും കേൾക്കേണ്ട' - അധ്യക്ഷ ശകാരിക്കുന്നു.
വനിതാ ഒാഫീസർ മറുപടി പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് അനുവദിക്കാതെ എസ്.എച്ച്.ഒയെ വിളിച്ച് ഓഫീസറെ പുറത്താക്കാൻ ആവശ്യപ്പെടുന്നു. ഓഫീസർ വകുപ്പ് തല നടപടി നേരിടേണ്ടി വരുമെന്നും രേണു ഭാട്ടിയ പറയുന്നു. ഗതികെട്ട ഓഫീസർ, ഞങ്ങൾ ഇവിടെ അപമാനിതരാകാൻ വന്നതല്ലെന്ന് പറയുന്നു. അപ്പോൾ നിങ്ങൾ ആ പെൺകുട്ടിയെ അപമാനിക്കാനാണോ വന്നതെന്ന് അധ്യക്ഷ ചോദിക്കുന്നു. സഹപ്രവർത്തക വന്ന് പൊലീസ് ഉദ്യോഗസ്ഥയെ റൂമിൽ നിന്ന് പുറത്താക്കുന്നതുവരെ വാക്തർക്കം നീണ്ടു.
ഭാര്യാ ഭർതൃ ബന്ധത്തിലെ തർക്കം പരിഹരിക്കാൻ വനിതാ പൊലീസ് ഒഫീസറായിരുന്നു ഇടപെട്ടിരുന്നത്. ഇതാണ് വാക് തർക്കത്തിലേക്ക് നയിച്ചത്.
കേസ് സംബന്ധിച്ച് വനിതാ കമീഷൻ അധ്യക്ഷ പിന്നീട് മാധ്യമങ്ങളോട് വിവരിച്ചു. 'ഭാര്യാ ഭർതൃ തർക്കം സംബന്ധിച്ച് കേസ് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. ഭർത്താവ് നിരവധി തവണ കമീഷൻ അംഗങ്ങളോടും പൊലീസിനോടും അപമര്യാദയായി പെരുമാറി. ഇയാൾക്ക് ഭാര്യയെ ഒഴിവാക്കണം. ഭാര്യ ശാരീരികമായി അവശയാണെന്നാണ് ഇയാൾ പറയുന്ന കാരണം.
അതിനാൽ രണ്ടുപേർക്കും മെഡിക്കൽ പരിശോധന നടത്താൻ ഉത്തരവിട്ടു. പെൺകുട്ടിക്ക് മൂന്ന് തവണ പരിശോധന നടത്തി. എന്നാൽ പുരുഷൻ പരിശോധനക്ക് വിസമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥയും പരിശോധന നടത്തിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ ഞങ്ങൾ അവർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്' -രേണു ഭാട്ടിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.