'ഗെറ്റ് ഔട്ട് രവി' തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പോസ്റ്ററുകൾ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും ഗവർണർ ആർ.എൻ രവിക്കെതിരെ പോസ്റ്ററുകൾ. രവി പുറത്തുപോവുക എന്ന കുറിപ്പ് അടങ്ങിയ പോസ്റ്ററുകൾ ചെന്നൈയിലെ വള്ളുവർ കോട്ടം, അണ്ണ ശാല എന്നിവിടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനിടെ ആർ.എൻ രവി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനുപിന്നാലെ ഗവർണർക്കെതിരെ ട്വിറ്ററിലടക്കം 'ഗെറ്റ് ഔട്ട് രവി' എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിച്ചിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തിയതിൽ ഡി.എം.കെ അംഗങ്ങൾ സഭയിൽ പ്രതിക്ഷേധമുയർത്തിയതോടെയാണ് ഗവർണർ ഇറങ്ങിപോയത്. നയപ്രഖ്യാപന പ്രസംഗത്തിലെ പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാർദം, സ്ത്രീകളുടെ അവകാശം ഉൾപ്പെടെയുള്ള മതേതര പരാമർശങ്ങളും ഗവർണർ പ്രസംഗത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
ഗവർണറുടെ നടപടിയിൽ ശക്തിയായ എതിർപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സർക്കാർ തയാറാക്കിയ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാരേഖകളിൽ ചേർക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. പിന്നീട് യഥാർഥ പ്രസംഗം സഭാ രേഖകളിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന പ്രമേയം നിയമസഭ പാസാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.