ഉദയനിധി-അണ്ണാമലൈ വാക്പോര് രൂക്ഷം
text_fieldsഉദയനിധി ,അണ്ണാമലൈ
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഡി.എം.കെ-ബി.ജെ.പി കക്ഷികൾക്കിടയിൽ ‘ഗെറ്റ് ഔട്ട് സ്റ്റാലിൻ’ vs ‘ഗെറ്റ് ഔട്ട് മോദി’ വിവാദം ശക്തം. ഡി.എം.കെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈയും തമ്മിലുള്ള പ്രസ്താവന യുദ്ധവും വെല്ലുവിളികളും രൂക്ഷമാവുന്നതിനിടെയാണ് ‘മോദിയെ പുറത്താക്കൂ’, ‘സ്റ്റാലിനെ പുറത്താക്കൂ’ മുദ്രാവാക്യങ്ങൾ നേതാക്കൾ മുഴക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ സമ്പ്രദായം നടപ്പാക്കാത്തപക്ഷം കേന്ദ്ര വിദ്യാഭ്യാസ ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനക്ക് പിന്നാലെ സംസ്ഥാന അവകാശങ്ങളിലുള്ള കടന്നുകയറ്റത്തിനെതിരെ ഉദയനിധി കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയതോടെയാണ് വിവാദം തുടങ്ങിയത്.
മുമ്പ്, തമിഴരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ മോദിയുടെ തമിഴക സന്ദർശനവേളകളിൽ ‘ഗോ ബാക് മോദി’ മുദ്രാവാക്യങ്ങളാണ് ഉയർത്തിയിരുന്നതെന്നും പുതിയ സാഹചര്യത്തിൽ ‘ഗെറ്റ്ഔട്ട് മോദി’ (പുറത്തുപോകൂ മോദി) പ്രക്ഷോഭമാകും സംഘടിപ്പിക്കുകയെന്നും ഉദയനിധി മുന്നറിയിപ്പ് നൽകി. ഇതിനെതിരെയാണ് അണ്ണാമലൈ എക്സ് പേജിൽ GetOutStalin എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഡി.എം.കെ സർക്കാറിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്. അഴിമതി, ദുർഭരണം, തെരഞ്ഞെടുപ്പ് വാഗ്ദാനലംഘനം തുടങ്ങിയ ആരോപണങ്ങളുമായി രംഗത്തെത്തിയ അണ്ണാമലൈ, ഡി.എം.കെ സർക്കാറിനെ വൈകാതെ ജനം പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു.
ഒരിക്കൽ ഡി.എം.കെ ആസ്ഥാന കേന്ദ്രമായ ‘അറിവാലയം’ കെട്ടിടത്തിന്റെ ഓരോ ചെങ്കല്ലും പിഴുതെടുത്ത് മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അണ്ണാമലൈ പ്രസ്താവിച്ചപ്പോൾ ധൈര്യമുണ്ടെങ്കിൽ അറിവാലയം സ്ഥിതിചെയ്യുന്ന അണ്ണാശാലയിൽ അണ്ണാമലൈ വരട്ടെയെന്നായിരുന്നു ഉദയനിധിയുടെ വെല്ലുവിളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.