വയറ്റിനുള്ളിൽ ഒളിപ്പിച്ചത് 13.6 കോടിയുടെ 104 കൊക്കെയിൻ ഗുളികകൾ; ഘാന പൗരൻ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsബംഗളൂരു:13.6 കോടി രൂപയുടെ കൊക്കെയിൻ ഗുളികകൾ വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഘാന സ്വദേശിയായ 53കാരനെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ബാ അമ്പാഡു ക്വാഡ്വോ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് എത്യോപ്യൻ എയർലൈൻസ് വിമാനമായ ഇ.ടി 690 യിൽ ബംഗളൂരു നഗരത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പിടികൂടികയായിരുന്നു. 104 ഗുളികകളാണ് പ്രതിയുടെ വയറ്റിനുള്ളിൽ ഉണ്ടായിരുന്നത്.
എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാവിലെ 7.45 ഓടെ കസ്റ്റംസ് സംഘം ഇയാളെ അറൈവൽ ഏരിയയിൽ തടഞ്ഞു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ലഹരിക്കടത്തുകാരനെ പിടികൂടിയതായി ബംഗളൂരു കസ്റ്റംസ് ഇന്റലിജൻസ് യൂനിറ്റ് വൃത്തങ്ങൾ അറിയിച്ചു.
ഘാനിയൻ തലസ്ഥാനമായ അക്ര സ്വദേശിയായ ബാ അമ്പാഡു ക്വാഡ്വോ, വിമാനത്തിൽ കയറുന്നതിന് മുമ്പ് ഗുളികകൾ വിഴുങ്ങിയതായാണ് റിപ്പോർട്ട്. ആശുപത്രിയിലെ സ്കാനിങിൽ ഇയാൾ ലഹരി ഗുളികകൾ വിഴുങ്ങിയതായി സ്ഥിരീകരിക്കുകയും മൂന്ന് ദിവസം നീണ്ടുനിന്ന മെഡിക്കൽ നടപടിക്രമത്തിലൂടെ അവ നീക്കം ചെയ്യുകയും ചെയ്തു. 1.2 കിലോ കൊക്കെയ്‌നാണ് ഇയാളുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.
ബംഗലൂരു വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ട് ഇയാൾ മാർച്ചിൽ മുംബൈയിൽ നിന്ന് എത്യോപ്യയിലേക്ക് പോയതായി അന്വേഷണത്തിൽ തെളിഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബംഗളൂരു നഗരത്തിലുള്ള ഇയാളുടെ ബന്ധങ്ങൾ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.