വളർത്തച്ഛനെ കൊലപ്പെടുത്തിയ ദത്തുപുത്രിക്കായി അന്വേഷണം ഉൗർജിതമാക്കി പൊലീസ്
text_fieldsലഖ്നോ: 58 കാരനായ പിതാവിനെ കൊലപ്പെടുത്തിയ ദത്തുപുത്രിക്കായി അന്വേഷണം ഉൗർജിതമാക്കി പൊലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവം. വ്യാഴാഴ്ച വൈകിട്ടോടെയാണ് സെക്ടർ 4ലെ ഫ്ലാറ്റിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദത്തുപുത്രിയായ 14 വയസ്സുകാരിക്കും ഭാര്യക്കുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒളിവിലാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങയെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രണ്ടാം നിലയിലെ ഫ്ലാറ്റിന്‍റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്നപ്പോൾ ഭർത്താവ് ചലനമറ്റ നിലയിൽ കിടക്കുന്നതാണ് ഭാര്യ കണ്ടത്.
പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്ത് വലിഞ്ഞ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ലോക്കൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മകളെ കാണാനില്ലെന്നും സ്‌കൂൾ ബാഗ് എടുത്ത് ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടി പോയെന്നും യുവതി പൊലീസിനോട് പറഞ്ഞു. മകൾ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ ഇവർ പറയുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം.
പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ സംബന്ധിച്ച വിവരങ്ങളും ദമ്പതികളുടെ പേരും പൊലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം, വീട് കൊള്ളയടിക്കപ്പെട്ടിട്ടില്ലെന്നും ദത്തുപുത്രിയായ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.