നവരാത്രി സമയത്ത് മാംസ വിൽപന വിലക്കി ഉത്തർപ്രദേശിലെ ഗാസിയാബാദ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നവരാത്രി ആഘോഷക്കാലത്ത് മാംസ വിൽപന വിലക്കി ഉത്തരവ്. ഗാസിയാബാദ് പ്രാദേശിക അധികാരികളാണ് നവരാത്രി സമയത്ത് അസംസ്കൃത മാംസം വിൽക്കുന്നത് നിരോധിച്ചത്.
ഉത്തർപ്രദേശിലെ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷനാണ് നവരാത്രിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ രണ്ട് മുതൽ 10 വരെ നഗരത്തിൽ പച്ചമാംസം വിൽപ്പന നിരോധിച്ചതായി അറിയിച്ചത്. എല്ലാ വർഷവും പുറപ്പെടുവിക്കുന്ന പതിവ് ഉത്തരവാണെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രങ്ങളിൽ ശുചിത്വം പാലിക്കാനും ഇറച്ചിക്കടകൾ അടച്ചിടാനും മേയർ നിർദേശം നൽകിയിട്ടുണ്ട്. അതാത് സോണുകളിലും ക്ഷേത്രങ്ങളിലും ശുചിത്വം പാലിക്കാനും ഇറച്ചിക്കടകൾ അടച്ചിടുന്നത് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് സോണുകൾ ഇത് ഉൾക്കൊള്ളും.
തന്റെ നിയോജക മണ്ഡലത്തിലെ നിരവധി റെസ്റ്റോറന്റുകൾ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എ നന്ദ് കിഷോർ ഗുർജാർ മാർച്ച് 31ന് ജില്ലാ മജിസ്‌ട്രേറ്റിന് കത്തെഴുതിയതിനെ തുടർന്നാണ് ഉത്തരവ്. രോഗവ്യാപനം തടയാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഗുർജാർ അഭ്യർത്ഥിച്ചിരുന്നു.
ഗുർജാർ ഇറച്ചിക്കടകളിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. അഞ്ച് സോണുകളിലും അസംസ്‌കൃത മാംസത്തിന്റെ വിൽപന നിരോധനം തുടരുമെന്ന് ഗാസിയാബാദ് മേയർ ആശാ ശർമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.