കൂട്ട ബലാത്സംഗം ചെയ്ത് ബാഗിലടച്ച് ഉപേക്ഷിച്ചെന്നത് കെട്ടിച്ചമച്ചകഥ; പരാതിക്ക് പിന്നിൽ സ്വത്ത് തർക്കമെന്ന് പൊലീസ്
text_fieldsഗാസിയാബാദ്: യു.പി ഗാസിയാബാദിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി ബുധനാഴ്ച നലകിയ പരാതിവ്യാജമാണെന്ന് പൊലീസ്. കേസിലെ പ്രതികളുമായി യുവതി സ്വത്ത് തർക്കത്തിലായിരുന്നുവെന്നും അവരെ ബലാത്സംഗക്കേസിൽ കുടുക്കാൻ വേണ്ടിയാണ് കഥ മെനഞ്ഞതെന്നും പൊലീസ് പറഞ്ഞു.
ആശ്രം റോഡിൽ ബാഗിൽ കൈയും കാലും കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നത്. ഡൽഹി സ്വദേശിയായ 36 കാരിയെ കൈയും കാലും കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിൽ ജൂട്ട് ബാഗിൽ അടച്ച് ആശ്രം റോഡിൽ ഉപേക്ഷിച്ചുവെന്ന് ബുധനാഴ്ച ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തിരുന്നു.
തന്നെ തട്ടിക്കൊണ്ടു പോയി അഞ്ചുപേർ രണ്ടു ദിവസം ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികളായ അഞ്ചുപേരിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ യുവതിയും പ്രതികളും തമ്മിൽ സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി.
അഞ്ച് പേർ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ച രണ്ട് ദിവസം അവർ സുഹൃത്തുക്കൾക്കൊപ്പമായിരുന്നെന്ന് യു.പി റീജിയണൽ പൊലീസ് മേധാവി പ്രവീൺ കുമാർ പറഞ്ഞു.
ഗാസിയാബാദിൽ ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് അവർ പറഞ്ഞിരുന്നു. സഹോദരൻ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു, അവിടെ നിന്ന് കാറിലെത്തിയ അഞ്ച് പേർ തട്ടിക്കൊണ്ടുപോയി വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
ബുധനാഴ്ച, യുവതിയെ റോഡരികിൽ കണ്ടെത്തിയപ്പോൾ, ആദ്യം കൊണ്ടുപോയത് ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലേക്കാണ്. അവിടെ നിന്ന് മീററ്റിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ രണ്ടിടത്തും വൈദ്യപരിശോധന നടത്താൻ യുവതി വിസമ്മതിച്ചു.
യുവതിയുടെ നിർബന്ധത്തെത്തുടർന്ന് ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഡൽഹി ജി.ടി.ബി ആശുപത്രിയിലെ ഡോക്‌ടർമാർ നേരത്തെ ആന്തരിക പരിക്കുകൾ സംശയിച്ചിരുന്നെങ്കിലും പിന്നീട് അക്കാര്യം തള്ളിക്കളഞ്ഞു. യുവതി സുഹൃത്തുക്കളോടൊപ്പമായിരുന്നെന്നും അവർക്കൊപ്പം രണ്ട് ദിവസം താമസിച്ചെന്നും പൊലീസ് പറഞ്ഞു. യുവതി സുഹൃത്തുക്കൾക്കൊപ്പ പോയ കാർ പൊലീസ് കണ്ടെടുത്തു.
അഞ്ച് പേർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാനായി ഗൂഢാലോചന നടത്തുകയായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. യുവതിയെ സഹായിച്ച മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗാസിയാബാദിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന ആശ്രം റോഡിന് സമീപം, യുവതിയെ കണ്ടെത്തിയ സ്ഥലത്ത് തന്നെ അവരുടെ സുഹൃത്തിലൊരാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി മൊബൈൽ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ മനസിലായതായി പൊലീസ് പറഞ്ഞു.
ബലാത്സംഗക്കേസിന് കൂടുതൽ പ്രചാരണം നൽകാൻ യുവതിയുടെ സഹായികളിലൊരാൾ പേടിയെം വഴി ഒരാൾക്ക് പണം നൽകിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഓഫീസർ കൂട്ടിച്ചേർത്തു. ആ സഹായിക്കെതിരെ മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ യുവതിയോ വനിതാ കമീഷൻ അധ്യക്ഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.