ഗുണ്ടാ കേസിൽ യു.പി മുൻ എം.എൽ.എ മുഖ്താർ അൻസാരിക്ക് 10 വർഷം തടവ്
text_fieldsലക്നോ: 1996ലെ ഗുണ്ടാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഉത്തർപ്രദേശിൽ മുൻ എം.എൽ.എയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ മുഖ്താർ അൻസാരിക്ക് 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. ഗാസിപൂരിലെ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ്-ഒന്ന് എം.പി/എം.എൽ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.
അൻസാരിയുടെ സഹായി ഭീം സിങ്ങിനും 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കഴിഞ്ഞ 26 വർഷം പഴക്കമുള്ള കേസിലാണ് മുഖ്താർ അൻസാരിക്ക് ശിക്ഷ വിധിക്കുന്നത്. ഈ വർഷം അൻസാരിക്കെതിരെ ശിക്ഷ വിധിക്കുന്ന മൂന്നാമത്തെ കേസാണിത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലായതിനാൽ സുരക്ഷ മുൻനിർത്തി അൻസാരിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നില്ല.
ഗുണ്ടാ നിയമപ്രകാരം അഞ്ച് കേസുകളാണ് മുഖ്താർ അൻസാരിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോൺഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരൻ അവദേശ് റായിയുടെ കൊലപാതകം, കോൺസ്റ്റബിൾ രാജേന്ദ്ര സിങ്ങിന്‍റെ കൊലപാതകം, കോൺസ്റ്റബിൾ രഘുവൻശിന്‍റെ കൊലപാതകം, അഡീഷണൽ എസ്.പിക്ക് നേരെയുള്ള ആക്രമണം, പൊലീസ് ഓഫിസർക്ക് നേരെയുള്ള ആക്രമണം എന്നിവയാണ് കേസുകൾ.
കൊലപാതകം, തട്ടിക്കൊണ്ടു പോകൽ അടക്കം 40ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്താർ അൻസാരി നിലവിൽ ബന്ദ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.