അഞ്ചാം ക്ലാസിൽ 'പ്രേത'മുണ്ടെന്ന് കുട്ടികൾ; പേടി മാറ്റാൻ ക്ലാസ്മുറിയിൽ ഉറങ്ങി അധ്യാപകൻ
text_fieldsതെലങ്കാനയിലെ ആദിലാബാദ് യു.പി സ്കൂളിലേക്ക് സ്ഥലംമാറിയെത്തിയതായിരുന്നു നുതാൽ രവീന്ദ്രൻ എന്ന അധ്യാപകൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി, കുട്ടികൾക്കെല്ലാം എന്തോ ഒരു ഭയം ഉള്ളിലുണ്ട്. കാര്യം വിശദമായി അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ പ്രേതമുണ്ടെന്ന ഭയത്തിലാണ് കുട്ടികളെന്ന് അദ്ദേഹത്തിന് മനസ്സിലായത്.
സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയിൽ പ്രേതമുണ്ടെന്നാണ് കുട്ടികളുടെ കാലങ്ങളായുള്ള വിശ്വാസം. സ്കൂളിൽ നടക്കുന്ന പല സംഭവങ്ങളും കുട്ടികൾ പ്രേതത്തിന്‍റെ വിളയാട്ടമായി കണക്കാക്കുകയും ചെയ്തിരുന്നു. ഒരിക്കൽ നുതാൽ രവീന്ദ്രൻ ഏഴാംക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ സ്കൂളിന് പുറത്തെ ഒരു മരം പൊട്ടിവീണിരുന്നു. ഇതോടെ, കുട്ടികൾ ആകെ ഭയചകിതരായി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് അദ്ദേഹം കുട്ടികളിലെ പ്രേതവിശ്വാസത്തെ കുറിച്ച് അറിഞ്ഞത്. പ്രേതഭയം കാരണം ഒരു കുട്ടി സ്കൂൾ മാറിപ്പോയെന്ന വിവരവും അദ്ദേഹം അറിഞ്ഞു.
പ്രേതമില്ലെന്നും, അതൊക്കെ വെറും വിശ്വാസങ്ങൾ മാത്രമാണെന്നും പറഞ്ഞിട്ടും കുട്ടികൾക്ക് ബോധ്യപ്പെട്ടില്ല. അഞ്ചാംക്ലാസിൽ പ്രേതമുണ്ടെന്നും വൈകുന്നേരത്തോടെ എല്ലാവരും പോയിക്കഴിഞ്ഞാൽ പിന്നെ സ്കൂളിൽ പ്രേതങ്ങളുടെ വിളയാട്ടമാണെന്നും അവർ വിശ്വസിച്ചു. കുട്ടികളുടെ തെറ്റിദ്ധാരണ മാറ്റാൻ നുതാൽ രവീന്ദർ ഒരു തീരുമാനമെടുത്തു, ഒരു രാത്രി അഞ്ചാം ക്ലാസിൽ താമസിക്കുക. എന്നിട്ട് കുട്ടികളെ ബോധ്യപ്പെടുത്തുക.
അങ്ങനെ ജൂലൈ അഞ്ചിന് അമാവാസി ദിനത്തിൽ അധ്യാപകൻ സ്കൂളിലെത്തിയത് പായും പുതപ്പുമൊക്കെയായാണ്. പ്രേതമുണ്ടെന്ന് പറയുന്ന ക്ലാസിൽ ഉറങ്ങുമെന്നും, തനിക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ പ്രേതമില്ലെന്ന് വിശ്വസിക്കണമെന്നും കുട്ടികളോട് പറഞ്ഞു. അവർ സമ്മതിച്ചു.
കുട്ടികളെയൊക്കെ വിളിച്ചുവരുത്തി രാത്രി എട്ട് മണിക്ക് അദ്ദേഹം ക്ലാസ് മുറിയിൽ ഉറങ്ങാനായി പോയി. അതിരാവിലെ തന്നെ കുട്ടികൾ അധ്യാപകന് എന്ത് സംഭവിച്ചെന്നറിയാൻ സ്കൂളിലെത്തിയിരുന്നു. ഒരു പ്രേതത്തെയും താൻ കണ്ടിട്ടില്ലെന്നും സ്കൂളിൽ അങ്ങനെയൊരു പ്രേതമില്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.