തിഹാർ ജയിലിൽ ‘പ്രേതവിളയാട്ടം’; നട്ടംതിരിഞ്ഞ് ജയിൽ ജീവനക്കാർ
text_fieldsന്യൂഡൽഹി: അർധരാത്രിയോടടുക്കുേമ്പാൾ വിദൂരതയിൽനിന്ന് ഓരിയിടൽ, ഉറങ്ങിക്കിടക്കുേമ്പാൾ ചുറ്റിലും കാൽപ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ് ആരോ വലിച്ചെടുക്കുന്നു... ഓരോരുത്തർക്കും ഓരോതരം അനുഭവങ്ങളാണ്. ‘പ്രേതബാധയുടെ’ പേടിപ്പെടുത്തുന്ന കഥകൾ പറയുന്നതാകട്ടെ രാജ്യത്തെ ഏറ്റവും വലിയ തടവറയായ തിഹാറിലെ തടവുപുള്ളികൾ. എന്നാൽ, ഇതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ് ജയിൽ അധികാരികൾ.
എല്ലാം വെറും തോന്നലുകളാണ് എന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും ഓരോരുത്തരുടേയും പരാതികൾ പ്രത്യേകം പരിഹരിക്കണം. ശരീരത്തിെൻറ ആരോഗ്യം പോലെത്തന്നെ മാനസിക ആരോഗ്യവും പ്രധാനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രാവിലെ ഉണരുേമ്പാൾ കടുത്ത തലവേദനയും ക്ഷീണവുമാണ് പല പുള്ളികൾക്കും. തലേ രാത്രിയിലെ ഭീകരാനുഭവമാണത്രെ കാരണം. ഉടനെ ഇവരെ ആശുപത്രിയിലെത്തിക്കണം. ഇതുകൂടാതെ പേടി വിട്ടുമാറാത്തവർക്ക് കൗൺസലിങ്ങും ഏർപ്പാടാക്കണം. മറ്റു ചിലർക്കുവേണ്ടി ബാധയൊഴിപ്പിക്കാൻ പൂജയും നടത്തി. എന്നിട്ടും ‘പ്രേതം’ വിട്ടുപോയിട്ടില്ല.
ചില സെല്ലുകളിൽ തടവുപുള്ളികൾ തമ്മിലുണ്ടായ അടിപിടിയിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു ചിലയിടത്ത് തൂങ്ങിമരണം സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സെല്ലുകളിൽ നിന്നാണ് പ്രേതകഥകൾ കൂടുതലും പുറത്തുവരുന്നത്. തൂക്കിക്കൊല ശിക്ഷ നടപ്പാക്കുന്ന മുറിയുടെ അടുത്തുള്ള ജയിൽ നമ്പർ മൂന്ന് ആണ് ബാധ കൂടുതലുള്ള സ്ഥലം. അതിനിടെ പ്രേതങ്ങൾക്ക് മുഖവുമുണ്ടെന്ന് തടവുപുള്ളികളിൽ നിന്നുതന്നെ ‘വ്യക്തമായി’. 1984ൽ തൂക്കിലേറ്റപ്പെട്ട കശ്മീരി വിഘടനവാദി നേതാവ് മഖ്ബൂൽ ഭട്ട്, 2013ൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു എന്നിവരുടെ പ്രേതങ്ങളെയാണത്രെ ചിലർ നേരിട്ട് കണ്ടത്.
കടുത്ത മാനസിക സമ്മർദവും ചെയ്ത കുറ്റങ്ങൾ വേട്ടയാടുന്നതുമാണ് പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് സർ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത പറയുന്നു. സ്ഥിരം കുറ്റവാളികളേക്കാൾ അവിചാരിതമായി കൊടും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിലാണ് പ്രേതഭീതി കൂടുതൽ. ശരിയായ കൗൺസലിങ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം ബാധ മാറ്റിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിൽപുള്ളികളുടെ പ്രേതകഥകൾ വെറും അഭ്യൂഹം മാത്രമാണെന്ന് തിഹാർ ജയിൽ പി.ആർ.ഒ രാജ്കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.