എം.പി സ്ഥാനത്തുനിന്ന് വിരമിച്ചിട്ടും ഔദ്യോഗിക വസതി ഒഴിയാത്തതെന്തേ? -ഗുലാംനബിക്കെതിരെ കോൺഗ്രസ് നേതാക്കൾ
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ ഓർമക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കോൺഗ്രസിലെ ആനന്ദ് ശർമയടക്കം നിരവധി രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുസ്‍തക പ്രകാശനം. എൻ.സി.പി നേതാവ് സുപ്രിയ സുലെ, ഡി.എം.കെയുടെ കനിമൊഴി, എ.എ.പിയുടെ സഞ്ജയ് റാവുത്ത് എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ഗുലാംനബി കോൺഗ്രസ് വിട്ടതിനു ശേഷം നിരവധി തവണ പാർട്ടിക്കും നേതാക്കൾക്കുമെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പുസ്തകം പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഇത് ആവർത്തിച്ചു. കോൺഗ്രസിനെതിരായ ആക്രമണം തന്നെയാണ് പുസ്തകത്തിലെ പ്രതിപാദ്യം.
എം.പി സ്ഥാനത്ത് നിന്ന് വിരമിച്ചിട്ടും ഗുലാംനബി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ താമസിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെ ചൂണ്ടിക്കാട്ടി. അദാനി വിഷയത്തിൽ എന്തുകൊണ്ടാണ് ഗുലാം നബി ഒരക്ഷരം പോലും ഉരിയാടാത്തതെന്ന് പവൻ ഖേര ചോദിച്ചു. പാർട്ടി വിട്ടപ്പോൾ സ്വതന്ത്രനായി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ രണ്ടുദിവസത്തെ പ്രസ്താവനകൾ പരിശോധിച്ചാൽ വെറും ഗുലാം മാത്രമാണെന്ന് മനസിലാകും-പവൻ ഖേര കൂട്ടിച്ചേർത്തു.
ഗുലാംനബിയും ബി.ജെ.പിയും തമ്മിൽ വ്യക്തമായ ധാരണയുണ്ടെന്ന് ഉറപ്പാണെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ അപമാനിക്കുകയാണ് അവരുടെ മുഖ്യ അജണ്ടയെന്നും വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് വിടാനുള്ള പ്രധാന കാരണം രാഹുൽ ഗാന്ധിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗുലാംനബി പറഞ്ഞത്. മറ്റ് പലരും പാർട്ടി വിടുന്നതും രാഹുൽ കാരണമാണ്. കോൺഗ്രസിൽ ചേർന്നാൽ പിന്നെ നിങ്ങൾ നട്ടെല്ല് ഇല്ലാത്തവരായി മാറും. അതുശരിയാക്കാൻ ശസ്ത്രക്രിയ തന്നെ വേണ്ടിവരും.-എന്നാണ് ഗുലാംനബി പറഞ്ഞത്. ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും നടത്തിയ പ്രവർത്തനങ്ങളുടെ 50ൽ ഒന്നെങ്കിലും രാഹുലിന് ചെയ്യാൻ സാധിക്കാനായാൽ അദ്ദേഹം വിജയിക്കുമെന്നും ഗുലാംനബി പറഞ്ഞു.
വധഭീഷണിയെ തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് വിരമിച്ചിട്ടും താൻ ഔദ്യോഗിക വസതിയിൽ തുടരുന്നതെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി. ജമ്മുകശ്മീർ മുഖ്യമന്ത്രിയായിരിക്കെ, 16 തവണയും പഞ്ചാബിൽ വെച്ച് 26 തവണയും തന്നെ വധിക്കാൻ ശ്രമം നടന്നെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതിയിലെ വൈദ്യുതി,വാട്ടർ ബില്ലുകൾ ഉൾപ്പെടെ നൽകുന്നത് സ്വന്തം നിലക്കാണെന്നും ഗുലാംനബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.