ജമ്മു-കശ്മീരിൽ ഉടക്കുമായി ഗുലാംനബി; ഗുജറാത്ത് കോൺഗ്രസിൽ കൊഴിഞ്ഞുപോക്കും
text_fieldsന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാംനബി ആസാദിന്റെ ഉടക്ക് ജമ്മു-കശ്മീരിൽ കോൺഗ്രസിനെ പുതിയ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ, നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മുൻമന്ത്രി നരേഷ് റാവൽ, മുൻ എം.പി രാജു പർമാർ എന്നിവർ ബി.ജെ.പിയിൽ ചേർന്നു.
മൂന്നു വട്ടം രാജ്യസഭയിൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത പിന്നാക്ക വിഭാഗം നേതാവാണ് രാജു പർമാർ. നരേഷ് റാവൽ മൂന്നു വട്ടം നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച നേതാവാണ്.
ഈ വർഷാവസാനമാണ് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്. ജമ്മു-കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നിലയിലാണ് ഗുലാംനബി ആസാദിനെ പ്രചാരണ സമിതി അധ്യക്ഷനായി സോണിയ ഗാന്ധി നിയോഗിച്ചത്. എന്നാൽ, ഇതൊരു തരംതാഴ്ത്തൽ നടപടിയായി കണ്ട ഗുലാംനബി, മണിക്കൂറുകൾക്കകം രാജിവെച്ചു. കോൺഗ്രസിലെ ജി-23 തിരുത്തൽവാദികളുടെ നേതൃമുഖമാണ് ഗുലാംനബി. ജമ്മു-കശ്മീരിൽ തന്റെ അടുത്ത അനുയായി ഗുലാം അഹ്മദ് മിറിനെ നേതൃപദവിയിൽ നിന്നു മാറ്റിയ നടപടി ഗുലാംനബിയെ ചൊടിപ്പിച്ചിരുന്നു. വികാർ റസൂൽ വാനിയെ പുതിയ പാർട്ടി അധ്യക്ഷനായി നിയോഗിച്ചു. ഇതിനു പിന്നാലെയാണ് ഗുലാംനബിയുടെ രാജി. ജമ്മു-കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാംനബി രാജിവെച്ചു.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ജമ്മു-കശ്മീരിൽ പ്രചാരണ, രാഷ്ട്രീയ, ഏകോപന, പ്രകടന പത്രിക, അച്ചടക്ക, പ്രചാരണ സമിതികൾ കോൺഗ്രസ് പുനഃസംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് എന്നു നടക്കുമെന്ന് ഇനിയും വ്യക്തതയായിട്ടില്ല. മണ്ഡലാതിർത്തി പുനർനിർണയ നടപടി തീർന്നിട്ടില്ല. വോട്ടർപട്ടികക്കും അന്തിമ രൂപമായില്ല. വൈകാതെ ശൈത്യം കനക്കുമെന്നതിനാൽ ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.