ന്യൂനപക്ഷങ്ങൾ കൂടുതലുള്ള സംസ്ഥാനത്ത് രാഹുൽ അഭയം തേടിയെന്ന് ഗുലാം നബി ആസാദ്
text_fieldsന്യൂഡൽഹി: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ വിമർശനവുമായി ഡെമോക്രാറ്റിക് പ്രൊഗ്രസീവ് ആസാദ് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്. കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നും രാഹുൽ മത്സരിക്കുന്നതിനെതിരെയാണ് വിമർശനം.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും മത്സരിക്കാൻ രാഹുൽ ഗാന്ധി എന്തിനാണ് മടിക്കുന്നത്. ബി.ജെ.പിക്കെതിരെയാണ് പോരാട്ടമെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പ്രവർത്തികൾ അതിന് വിരുദ്ധമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പറന്ന് ന്യൂനപക്ഷം ശക്തമായ സ്ഥലത്ത് അദ്ദേഹം എന്തിനാണ് അഭയം തേടിയതെന്നും ഗുലാം നബി ആസാണ് ചോദിച്ചു. ഉദംപൂർ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയേയും ഷെയ്ഖ് അബ്ദുല്ലയേയും പോലെ ത്യാഗങ്ങൾ സഹിച്ച നേതാവല്ല രാഹുൽ ഗാന്ധിയെന്നും ആസാദ് പറഞ്ഞു.2022ലാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധി ധീരമായ പോരാട്ടമാണ് നടത്തുന്നതെന്ന കോൺഗ്രസിന്റെ വാദങ്ങളെ തള്ളിയായിരുന്നു ഗുലാം നബി ആസാദ് പാർട്ടി വിട്ടത്.
2019ൽ രണ്ട് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു.അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നുമായിരുന്നു രാഹുലിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. ഇതിൽ അമേഠിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് തോൽക്കാനായിരുന്നു രാഹുലിന്റെ വിധി. വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇക്കുറിയും രാഹുൽ വയനാട്ടിൽ നിന്നും മത്സരിക്കുന്നുണ്ട്. എന്നാൽ, അമേഠിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
രാഹുൽ ഗാന്ധി വയനാട് നിന്ന് മത്സരിക്കുന്നതിനെതിരെ ഇടതുപാർട്ടികളായ സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയിരുന്നു. രാഹുൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും മത്സരിക്കണമെന്നായിരുന്നു ഇരു പാർട്ടികളുടേയും നിലപാട്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എതിരാളി സി.പി.ഐ ദേശീയ നേതാവായ ആനി രാജയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.