കശ്മീരിൽ കറുത്ത മഞ്ഞ് പെയ്യുന്ന കാലം ബി.ജെ.പിയിൽ ചേരും –ഗുലാം നബി ആസാദ്
text_fieldsന്യൂഡൽഹി: കശ്മീരിൽ കറുത്ത മഞ്ഞുപെയ്യുേമ്പാൾ മാത്രമേ താൻ ബി.ജെ.പിയിൽ ചേരൂവെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗുലാം നബി ആസാദ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗുലാം നബി ആസാദിന്‍റെ പ്രതികരണം.
ബി.ജെ.പിയിൽ എന്നല്ല, മറ്റൊരു പാർട്ടിയിലും താൻ ചേരില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. താൻ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയരാജ സിന്ധ്യ പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ആരോപണം ഗൗരവമായി പരിഗണിച്ച താൻ അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അടൽ ബിഹാരി വാജ്പേയ്, സിന്ധ്യ, എൽ.കെ. അദ്വാനി എന്നിവർ ചേർന്ന് കമ്മിറ്റിയും രൂപീകരിക്കാൻ നിർദേശിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോപണം തെളിയിച്ചാൽ എന്തു ശിക്ഷയും സ്വീകരിക്കാൻ തയാറാണെന്നും പറഞ്ഞു. എന്നാൽ വാജ്പേയ് തന്‍റെ സമീപത്ത് വരികയും തന്നോടും സഭയോടും മാപ്പ് ചോദിക്കുകയുമായിരുന്നു. സിന്ധ്യക്ക് എന്നെ അറിയില്ലായിരിക്കാം. എന്നാൽ വാജ്പേയ്ക്ക് നന്നായി അറിയാമായിരുന്നു - വിവാദങ്ങൾക്ക് മറുപടിയായി ഗുലാം നബി ആസാദ് പറഞ്ഞു.
90കൾ മുതൽ നരേന്ദ്രമോദിയും ഞാനും പരസ്പരം അറിയും. ഞങ്ങൾ ഇരു പാർട്ടികളുടെയും ജനറൽ സെക്രട്ടറിമാരായിരുന്നു. തങ്ങളുടെ ആശയങ്ങൾ വ്യക്തമാക്കുന്നതിന് ടെലിവിഷൻ ചർച്ചകളിലും ഒരുമിച്ചെത്തി. വാദപ്രതിവാദങ്ങൾ നടത്തി. ശേഷം പലപ്പോഴും ഞങ്ങൾ പരസ്പരം ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.
അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു. വിവിധ ആവശ്യങ്ങൾക്ക് തങ്ങൾ പരസ്പരം ഒരുമിച്ച് കൂടിക്കാഴ്ചകൾ നടത്തി. പരസ്പരം അടുത്തറിയാവുന്നതിനാലാണ് ഞങ്ങൾ ഇരുവരും കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ മോദിയുടെ കണ്ണുനീർ നാട്യമാണെന്ന് പറഞ്ഞു. ഏത് അർഥത്തിലാണ് അത്തരം പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല. ഒരു കോൺഗ്രസ് നേതാവ് സഭയിൽനിന്ന് പുറത്തുപോകുന്നതായി മാത്രമേ അവർ ചിന്തിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധി തനിക്കായി ഒരു നീണ്ട കത്ത് നൽകിയിരുന്നു. തന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള കത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ പങ്ക് വഹിക്കേണ്ടത് സംബന്ധിച്ചും പരാമർശിച്ചു. രാഹുൽ ഗാന്ധിയെ ഒന്നുരണ്ടുതവണ കാണുകയും ചെയ്തതായും ആസാദ് പറഞ്ഞു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദിന്‍റെ വിടവാങ്ങൽ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വൈകാരിക പ്രസംഗം ചർച്ചയായിരുന്നു. ഇതോടെയാണ് ഗുലാം നബി ആസാദ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം വൻതോതിൽ പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.