നാലു വയസുകാരിയായ മകളുടെ മരണത്തിന് ഉത്തരം തേടി ജിറ്റോയും കുടുംബവും
text_fieldsബംഗളൂരു/കോട്ടയം: രണ്ട് മാസം പിന്നിട്ടിട്ടും മകളുടെ മരണത്തിൻ്റെ കാരണമറിയാതെ നീറുകയാണ് കോട്ടയം സ്വദേശികളായ ജിറ്റോ ടോമി ജോസഫും ഭാര്യ ബിനീറ്റ തോമസും. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ മൂത്ത മകൾ ജിയാന ആൻ ജിറ്റോ 2024 ജനുവരി 25നാണ് മരണപ്പെടുന്നത്. പ്രീസ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണുണ്ടായ ഗുരുതര പരിക്കുകളാണ് നാലു വയസുകാരിയുടെ ജീവൻ കവർന്നത്. നാല് ദിവസത്തോളം ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ജിയാന മരണത്തിന് കീഴടങ്ങിയത്.
ജനുവരി 22നാണ് ജിയാന ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തുന്നത്. കുട്ടി കളിക്കുന്നതിനിടെ ചുമരിൽ തലയിടിച്ചുവെന്നും ഛർദി തുടരുകയാണെന്നുമായിരുന്നു ബംഗളൂരു ചല്ലക്കേരയിലെ ഡൽഹി പ്രീസ്കൂൾ അധികൃതർ കുടുംബത്തെ അറിയിച്ചത്. വിവരമറിഞ്ഞ് സ്കൂളിലെത്തിയപ്പോഴാണ് കുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്നും വീണതാണെന്നും തലയ്ക്കും മറ്റും ഗുരുതരമായ പരിക്കേറ്റ ജിയാനയെ ഉടനെ ആശുപത്രിയിലെത്തിച്ചതായും അറിയുന്നത്. തുടർ ചികിത്സകൾക്കായി കുട്ടിയെ പിന്നീട് ഹെബ്ബാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പിതാവ് ജിറ്റോ ജോസഫിന്റെ പരാതിയിൽ ഹെന്നൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സ്കൂൾ പ്രിൻസിപ്പാൽ തോമസ് ചെറിയാനെതിരെ അന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 338 പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നാലോളം അഭിഭാഷകരുടെ സഹായത്തോടെയാണ് ഹൈകോടതിയിൽ നിന്നും തോമസ് ചെറിയാൻ മുൻകൂർ ജാമ്യം നേടിയത്.
കുട്ടിയുടെ പരിചരണത്തിനായി തോമസ് ചെറിയാൻ ഏർപ്പെടുത്തിയ ആയ കാഞ്ചനയാണ് ജിയാനയുടെ മരണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30വരെ സ്കൂളിൽ ആയയായി ജോലി ചെയ്യുന്ന കാഞ്ചന വൈകീട്ട് മൂന്ന് മുതൽ രാത്രി പത്ത് മണി വരെ ജിറ്റോയുടെ വീട്ടിൽ കുട്ടികളെ പരിചരിക്കാനെത്തും. ജനുവരി 16 മുതലാണ് കാഞ്ചന ഇവരുടെ വീട്ടിൽ ജോലിക്കെത്തിയത്. ഇവരുടെ ശുചിത്വമില്ലായ്മയെക്കുറിച്ച് കുടുംബം ഇതിനിടെ തോമസ് ചെറിയാനോട് പരാതിപ്പെട്ടിരുന്നു. പരാതിയിൽ നീരസം തോന്നിയ ഇവർ ജനുവരി 19ന് ജോലിക്കെത്തിയില്ല. ജനുവരി 20 ന് കാഞ്ചനയുടെ അമ്മ തങ്ങളെ വിളിച്ചിരുന്നുവെന്നും പണം അത്യാവശ്യമാണ് മകളെ ജോലിക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ജിറ്റോ കൂട്ടിച്ചേർക്കുന്നു. ജനുവരി 21 ന് കാഞ്ചന വീണ്ടും ജോലിക്കെത്തി. അന്നേ ദിവസം ബാൽക്കണിയിൽ നിന്നും ജിറ്റോയുടെ ഫോൺ കാഞ്ചന താഴേക്കെറിഞ്ഞുവെന്നും ജിയാനയാണ് ഫോൺ എറിഞ്ഞതെന്ന് കുടുംബത്തോട് പറഞ്ഞതായും പിതാവ് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്താമെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ജനുവരി 22നാണ് ജിയാന സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വീഴുന്നതും. പരാതിപ്പെട്ടതിലുള്ള വൈരാഗ്യം മൂലം കുട്ടിയെ കാഞ്ചന ടെറസിൽ നിന്നും തള്ളിയിട്ടതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയം പൊലീസുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ചോദ്യം ചെയ്യലിൽ കാഞ്ചന കുറ്റം സമ്മതിച്ചിട്ടില്ലെന്ന് മാത്രമായിരുന്നു പൊലീസിന്റെ പ്രതികരണം. ഇവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യവും പൊലീസ് തള്ളി.
കുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിലെത്തിയത് എങ്ങനെയാകാമെന്ന ചോദ്യത്തിന് തങ്ങൾക്കറിയില്ലെന്നായിരുന്നു പ്രിൻസിപ്പാൽ ഉൾപ്പെടെ സ്കൂൾ അധികൃതരുടെ പ്രതികരണമെന്നും ജിറ്റോ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും അധികൃതർ നിരസിച്ചു. സ്കൂളിലെ സി.സി.ടി.വി പ്രവർത്തനരഹിതമാണെന്നായിരുന്നു അന്ന് സ്കൂൾ അധികൃതരുടെ വാദം. ജനുവരി 23ന് സ്കൂളിലെ സി.സി.ടി.വി പരിശോധിക്കാൻ ടെക്നീഷ്യൻ എത്തിയിരുന്നുവെന്നും ഇതുവഴി കൃത്രിമം നടന്നിട്ടുണ്ടാകാമെന്നും കുടുംബം ആരോപിക്കുന്നു.
ഉയരം ഭയമുള്ള ജിയാന തനിച്ച് ടെറസിൽ കയറാനുള്ള സാധ്യതയില്ലെന്നും പിതാവ് ജിറ്റോ പറയുന്നുണ്ട്. സ്കൂളിന്റെ ടെറസിലേക്ക് കടക്കാൻ മെറ്റൽ കൊണ്ട് നിർമിച്ച വലിയ വാതിലുണ്ട്. കുട്ടിക്ക് വാതിൽ തനിയെ തുറക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.
ജിയാനയുടെ വിയോഗം രണ്ട് മാസത്തോടടുക്കുമ്പോഴും ഫോറൻസിക് റിപ്പോർട്ട് നൽകാൻ പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുടുംബം കേരള മുഖ്യമന്ത്രി പിണറായി വിജയനേയും സമീപിച്ചിരുന്നു. കർണാടക ഡി.ജി.പിയോട് ആദ്ദേഹം അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള സ്കൂൾ അധികൃതർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചേക്കാമെന്നാണ് കുടുംബത്തിന്റെ ആശങ്ക.
തങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമാണ് ഈ കുടുംബത്തിനാവശ്യം. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും മകൾക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും ജിറ്റോ ജോസഫ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.