കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ഗീലാനിക്ക് യാത്രാമൊഴി
text_fieldsശ്രീനഗർ: ബുധനാഴ്ച രാത്രി അന്തരിച്ച ജമ്മു-കശ്മീരിലെ മുതിർന്ന വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്ക് കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ നിശ്ശബ്ദ യാത്രാമൊഴി. സംസ്കാര ചടങ്ങിന് ജനങ്ങളെത്തുന്നത് തടയാൻ അധികൃതർ പൂർണ വാർത്തവിനിമയ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം ഏറ്റെടുത്ത് മറവു ചെയ്യുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.
മക്കളേയും ഭാര്യയേയും ബലംപ്രയോഗിച്ച് മാറ്റിയതിനാൽ ദോറു സോപോറിൽ നിന്നുള്ള ബന്ധു റാശിദ് ഷാക്ക് മാത്രമാണ് സംസ്കാര ചടങ്ങിൽ സംബന്ധിക്കാനായതെന്ന് അടുത്ത ബന്ധു പറഞ്ഞു. ഗീലാനിയുടെ അഭിലാഷമനുസരിച്ച് 12 കിലോമീറ്റർ അകലെയുള്ള ശ്രീനഗറിലെ ശഹീദെ ഈദ്ഗാഹ് ശ്മശാനത്തിൽ മറവു ചെയ്യാനാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് മകൻ നഈം പറഞ്ഞു.
കുടുംബത്തിെൻറ ആരോപണം പൊലീസ് നിഷേധിച്ചു. സാഹചര്യം വഷളാകാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് മൃതദേഹം വീട്ടിൽ നിന്ന് ഖബർസ്ഥാനിലെത്തിക്കാൻ പൊലീസ് കുടുംബത്തെ സഹായിക്കുകയായിരുന്നുവെന്ന് കശ്മീർ പൊലീസ് ഐ.ജി പറഞ്ഞു. ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പുലർച്ചെ മറവ് ചെയ്യാൻ കുടുംബത്തോട് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. മൃതദേഹം അധികൃതർ തന്നെ എടുത്ത് തൊട്ടടുത്തുള്ള പള്ളി ഖബർസ്ഥാനിൽ കനത്ത പൊലീസ് സുരക്ഷയിൽ മതാചാര പ്രകാരം മറവു ചെയ്യുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മരണ വിവരം പ്രചരിച്ചതോടെ താഴ്വരയിൽ ഇൻറർനെറ്റ്, ഫോൺ ബന്ധം വിഛേദിച്ചു. ഗീലാനിയുടെ ഹൈദർ പോറയിലെ വീട്ടിലേക്ക് ജനം ഒഴുകുന്നത് തടയാൻ എല്ലാ പ്രദേശങ്ങളിലും ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം തടഞ്ഞു. ശ്രീനഗറിൽ ചില ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ടുണ്ട്. അസുഖ ബാധയെ തുടർന്ന് ദീർഘകാലമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന വിഘടനവാദി നേതാവായ 92കാരനായ ഗീലാനി ബുധനാഴ്ച രാത്രി 10.30നാണ് അന്തരിച്ചത്. തഹ്രീകെ ഹുർറിയത്ത് അധ്യക്ഷനായിരുന്ന അദ്ദേഹം, കഴിഞ്ഞ വർഷമാണ് സംഘടനയിൽനിന്ന് രാജി പ്രഖ്യാപിച്ചത്. 2008 മുതൽ വീട്ടുതടങ്കലിലാണ്. ദീർഘകാലം ഓൾ പാർട്ടി ഹുർറിയത്ത് കോൺഫറൻസിെൻറ ചെയർമാനായിരുന്നു. 1929 സെപ്റ്റംബർ 29ന് ഉത്തര കശ്മീരിലെ ബന്ദിപോറയിലായിരുന്നു ജനനം. കശ്മീരിലെ വിഘടനവാദപ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗീലാനി നേരേത്ത ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. തീവ്ര നിലപാടുകളുടെ പേരിൽ പിന്നീട് ജമാഅത്തെ ഇസ്ലാമിയിൽനിന്ന് പുറത്തായി. തുടർന്ന് തഹ്രീകെ ഹുർറിയത്ത് ജമ്മു-കശ്മീർ രൂപവത്കരിച്ചു. ശൈഖ് അബ്ദുല്ലക്കു ശേഷം കശ്മീരിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവായിരുന്നു ഗീലാനി. സോപോർ നിയോജക മണ്ഡലത്തിൽനിന്ന് 1972, 1977, 1987 വർഷങ്ങളിൽ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സോപോറിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ അദ്ദേഹം പഞ്ചാബ്, കശ്മീർ സർവകലാശാലകളിൽ ഉപരിപഠനം പൂർത്തിയാക്കി. ലാഹോറിലെ ഓറിയൻറൽ കോളജിലായിരുന്നു ബിരുദപഠനം. 1949ൽ അധ്യാപകനായി ഒൗദ്യോഗിക ജീവിതം. സോപോർ, ശ്രീനഗർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1959ൽ സർക്കാർ ജോലി രാജിവെച്ച് കശ്മീർ ജനതയുടെ വിമോചനസമരത്തിനിറങ്ങി. ജീവിതത്തിെൻറ വലിയ ഭാഗം രാജ്യത്തിെൻറ വിവിധ ജയിലുകളിലും വീട്ടുതടങ്കലിലുമായി ശിക്ഷ അനുഭവിച്ചു. 2010ൽ അരുന്ധതി റോയിക്കൊപ്പം രാജ്യേദ്രാഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. 40ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1968ൽ ആദ്യ ഭാര്യ മരിച്ച ശേഷം വീണ്ടും വിവാഹിതനായി. രണ്ട് ഭാര്യമാരിലായി എട്ടു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.