ഗിരിധർ അരമനെയെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു
text_fieldsന്യൂഡൽഹി: ഗിരിധർ അരമനെയെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രപ്രദേശ് കേഡറിൽ നിന്നുള്ള 1998 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർക്കാറിലും ആന്ധ്രപ്രദേശ് സർക്കാറിലും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
കാബിനറ്റ് സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ പര്യവേക്ഷണ വിഭാഗത്തിന്റെ ചുമതലയും വഹിച്ച അദ്ദേഹം ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയിൽ പരിശോധനകളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു. 2020 ഏപ്രിൽ 30 മുതൽ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയാണ്.
ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ നഗരവികസന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി, എ.പി സംസ്ഥാന സാമ്പത്തിക കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ , (ധനകാര്യ വകുപ്പ്) സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ചിറ്റൂരിലും ഖമ്മം ജില്ലകളിലും കളക്ടറായും ഡി.എമ്മായും പ്രവർത്തിച്ചു.
ഹൈദരാബാദ് ജവഹർലാൽ നെഹ്റു സാങ്കേതിക സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വാറങ്കൽ കാകതീയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
പ്രതിരോധ സെക്രട്ടറിയായിരുന്ന അജയ് കുമാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗിരിധർ അരമനെയെ നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.