യു.പിയിൽ അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയ 14കാരി മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയ 14 വയസ്സുകാരി ചികിത്സക്കിടെ മരിച്ചു. സോൻഭദ്ര ജില്ലയിലെ ദുദ്ദി സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ബലാത്സംഗത്തെ തുടർന്ന് ആരോഗ്യനില വഷളായി മാസങ്ങൾക്ക് ശേഷം ദാരുണമായി മരിച്ചത്. പലതവണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി ഏറ്റവുമൊടുവിൽ വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 20 ദിവസമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. കേസിൽ പ്രതിയായ അധ്യാപകൻ ഉത്തർപ്രദേശ് ബല്ലിയ നിവാസി വിശ്വംഭർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂളിൽ സ്‌പോർട്‌സ് ടീച്ചറായിരുന്ന വിശ്വംഭർ കഴിഞ്ഞ ഡിസംബർ 30ന് കായിക മത്സരത്തിൽ പങ്കെടുക്കാൻ പെൺകുട്ടിയെ വിളിച്ചിരുന്നു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ, ഭയന്നുപോയ പെൺകുട്ടി നാണക്കേടോർത്ത് ഇക്കാര്യം പുറത്തുപറഞ്ഞില്ല. സംഭവത്തിന് ശേഷം കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളായതായി കുടുംബം പറഞ്ഞു.
അതിനിടെ, ഛത്തീസ്ഗഡിലെ ബന്ധുവീട്ടിൽ പോയപ്പോൾ അമ്മായിയോട് കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തുപറയാതിരിക്കാൻ പ്രതി വിശ്വംഭർ 30,000 രൂപ നൽകിയതായി വീട്ടുകാർ പറയുന്നു. നാണക്കേട് ഭയന്നാണ് തങ്ങൾ സംഭവം അധികൃതരെ അറിയിക്കാതിരുന്നതെന്ന് കുടുംബം പറഞ്ഞു. എന്നാൽ, കുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്ന് ജൂലൈ 10 ന് പിതാവ് പൊലീസിൽ പരാതി നൽകി. വിശ്വംഭറിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.