ആൾദൈവത്തിന് 'കന്യാദാനം' നൽകിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ദാനം കൊടുക്കാൻ എന്തധികാരമെന്ന് കോടതി
text_fieldsഅച്ഛൻ ആൾദൈവത്തിന് കന്യാദാനം കൊടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ രൂക്ഷവിമർശനവുമായി കോടതി. ദാനം നൽകിയ 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കന്യാദാനത്തിനെതിരെ കോടതി ശക്തമായി പ്രതികരിച്ചത്. ഇരയുടെ പിതാവ് തന്‍റെ മകളെ "ദാനം" ചെയ്തതിൽ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.
'പിതാവ് തന്‍റെ മകളെ സംഭാവനയായി ആൾദൈവത്തിന് നൽകിയെന്നാണ് 'കന്യാദാൻ' കരാറിൽ പറയുന്നത്. ദൈവത്തിന്‍റെ സാന്നിധ്യത്തിലാണ് ഈ കരാർ ഉണ്ടാക്കിയതെന്ന് പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷകനായ പിതാവ് എന്തിനാണ് ദാനമായി നൽകുന്നത്? സംഭാവനയായി നൽകാവുന്ന സ്വത്തല്ല ഒരു പെൺകുട്ടി' -ജസ്റ്റിസ് വിഭ വി കങ്കൻവാടിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, പീഡനക്കേസ് ബാബ കെട്ടിച്ചമച്ചതാണെന്ന് പ്രതികളായ ശങ്കേശ്വർ എന്ന ശംഭു ധക്‌നെ, സോപൻ ധക്‌നെ എന്നിവർ കോടതി മുമ്പാകെ ആരോപിച്ചു. മയക്കുമരുന്നിന് അടിമയായ, ബാബയെന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിലെ പൂജാരിയായ ആൾദൈവം നാട്ടുകാരിൽ ചിലരെയും മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചതോടെ ഇയാൾക്കെതിരെ പഞ്ചായത്ത് ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. ആൾദൈവത്തോട് ക്ഷേത്രം വിട്ടുപോകാൻ ആവശ്യപ്പെട്ടായിരുന്നു പ്രമേയം. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട ഇരുവരും ഗ്രാമസഭയിൽ സജീവമായി പങ്കെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതെന്ന് ഇവർ പറഞ്ഞു."ബാബ"യുടെ സ്വാധീനത്തിന് വഴങ്ങിയാണ് തങ്ങൾക്കെതിരെ ഇര പരാതി നൽകിയതെന്നും അതിനാൽ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ അമ്മ മരിച്ചതോടെ 2018ലാണ് പിതാവ് അവളെ ബാബയ്ക്ക് ദാനം നൽകിയത്. എന്നാൽ, നിയമപ്രകാരമുള്ള ദത്തെടുക്കൽ നടപടികൾ പൂർത്തീകരിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ദാൻപത്ര ശൈലിയിലുള്ള കരാറിന്‍റെ പുറത്ത് പെൺകുട്ടിയെ കൈമാറിയതെന്ന് വിശദീകരിക്കാൻ പിതാവിന്‍റെ അഭിഭാഷകൻ പരാജയപ്പെട്ടതായും ഹൈക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ജൽന ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് (സിഡബ്ല്യുസി) കുട്ടിയുടെ സംരക്ഷക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻകോടതി ആവശ്യപ്പെട്ടു. കൂടുതൽ വാദം കേൾക്കാൻ കേസ് ഫെബ്രുവരി 4 ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.