ഗീത പ്രസിനും ഗോദ്സെക്കും ഹിന്ദു മഹാസഭ ബന്ധം; മുൻകാല സാരഥികൾ ഗാന്ധിവധത്തിനു പിന്നാലെ അറസ്റ്റിലായവർ !
text_fieldsന്യൂഡൽഹി: ഗാന്ധി സമാധാന പുരസ്കാരം നൽകി മോദിസർക്കാർ ആദരിക്കുന്ന യു.പി ഗോരഖ്പുരിലെ ഗീത പ്രസിന്റെ രണ്ടു മുൻകാല സാരഥികൾ ഗാന്ധിവധത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടവർ ! ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോദ്സെ മഹാത്മാ ഗാന്ധിയെ വധിച്ചതിനു പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന അറസ്റ്റിൽ ഹിന്ദു മഹാസഭ പ്രവർത്തകരായ ജയ്ദയാൽ ഗോയങ്കയും ഹനുമാൻ പ്രസാദ് പൊദ്ദാറും ഉൾപ്പെട്ടിരുന്നു.
ഇതിൽ ജയ്ദയാൽ ഗോയങ്കയാണ് ഗീത പ്രസിന്റെ സ്ഥാപകൻ. ഇതിന്റെ ഭാഗമായി ആരംഭിച്ച കല്യാൺ മാസികയുടെ തലപ്പത്തുണ്ടായിരുന്നയാളാണ് ഹനുമാൻ പ്രസാദ് പൊദ്ദാർ. പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അക്ഷയ് മുകുൾ ‘ഗീത പ്രസ് ആൻഡ് ദി മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ’ എന്ന, ഗീത പ്രസിനെ തുറന്നു കാട്ടുന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.
ഹിന്ദുത്വ ആശയങ്ങൾക്ക് പ്രചാരം നൽകിപ്പോരുന്ന ഗീത പ്രസിന് ഗാന്ധി സമാധാന പുരസ്കാരം സർക്കാർ സമ്മാനിക്കുമ്പോൾ, ഗാന്ധി ഘാതകൻ പ്രവർത്തിച്ച ഹിന്ദു മഹാസഭയും പരോക്ഷമായി ആദരിക്കപ്പെടുന്നുവെന്ന വൈചിത്ര്യമാണ് സംഭവിക്കുന്നത്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഗാന്ധിവധത്തിന്റെ വിവരണം പൊളിച്ചെഴുതിയതിനു പിന്നാലെയാണ് ഗാന്ധിയുടെ പേരുകൊണ്ട് ആദരംനേടിയ പുരസ്കാരം അദ്ദേഹം പടപൊരുതിയ ആശയങ്ങളുടെകൂടി പ്രചാരകരായി നിന്ന പ്രസാധനശാലക്ക് സർക്കാർ സമ്മാനിച്ചത്.
പശ്ചിമ ബംഗാളിലെ ബാങ്കുറയിൽനിന്നുള്ള മാർവാഡി കച്ചവടക്കാരൻ ജയ്ദയാൽ ഗോയങ്ക 1923ലാണ് ഗീത പ്രസ് സ്ഥാപിക്കുന്നത്. പരുത്തി മുതൽ പാത്രം വരെയുള്ള കച്ചവടങ്ങളുമായി വിവിധ നാടുകളിൽ പലവട്ടം യാത്ര ചെയ്തതിലൂടെ സമുദായത്തിലെ മറ്റു കച്ചവടക്കാരുമായുള്ള ഇടപഴകലുകളിൽനിന്നാണ് അച്ചടിശാലയെന്ന ആശയം ജയ്ദയാൽ വളർത്തിയത്. ഭഗവദ്ഗീതയുടെ മൊഴിമാറ്റവും മറ്റുമായിരുന്നു പ്രധാന ലക്ഷ്യം.
ഗോരഖ്പുരിലെ ഘനശ്യാമദാസ് ജലാൻ എന്ന സുഹൃത്ത് അച്ചടിശാല സ്ഥാപിക്കാമെന്ന് വാഗ്ദാനംചെയ്തു. 1923 ഏപ്രിലിൽ ഭഗവദ്ഗീതയുടെ തർജമ അച്ചടിക്കാനുള്ള ഹാൻഡ് പ്രസ് വാങ്ങി. മൂന്നുനാലു വർഷം കഴിഞ്ഞ് കല്യാൺ എന്ന മാസിക തുടങ്ങി. ഹിന്ദു ദേശീയതയുടെ സന്ദേശം പ്രചരിപ്പിക്കാൻ കല്യാണിന്റെ വളർച്ച സഹായകമായി.
ഹിന്ദു മഹാസഭയുമായി ബന്ധമുള്ള മാർവാഡി നേതാവ് ഹനുമാൻ പ്രസാദ് പൊദ്ദാറായിരുന്നു തുടക്കത്തിൽ കല്യാൺ എന്ന പ്രസിദ്ധീകരണത്തിന്റെ തലപ്പത്ത്.
കല്യാണിനു പുറമെ രാമായണം, ഗീത, മഹാഭാരതം, പുരാണങ്ങൾ, മറ്റ് ഹിന്ദു സമുദായ പുസ്തകങ്ങൾ എന്നിവ ചെലവുകുറഞ്ഞ് അച്ചടിച്ച് വിതരണം ചെയ്ത് ഗീത പ്രസ് കൂടുതൽ പ്രചാരം നേടുക മാത്രമല്ല, ഹിന്ദുത്വ ആശയങ്ങളുടെ ഒരു കേന്ദ്രമായി മാറുകയും ചെയ്തു. ബ്രഹ്മസമാജം, ആര്യസമാജം, ഹിന്ദു മഹാസഭ, ഭാരത ധർമ മഹാമണ്ഡൽ തുടങ്ങിയ സംഘടനകൾ ഗീത പ്രസിന് താങ്ങായിനിന്നു.
ഇന്ന് ലോകത്തെ ഏറ്റവും വലിയ പ്രസാധകരിലൊന്നാണ് ഗീത പ്രസ്. ഇംഗ്ലീഷ്, ഉർദു, നേപ്പാളി അടക്കം 15 ഭാഷകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. 20 വിൽപനശാലകൾ, ഇന്ത്യയിലും പുറത്തുമായി 2500ൽപരം മറ്റു വിൽപനക്കാർ. മറ്റെല്ലാ പ്രസാധകരും കടുത്ത പ്രതിസന്ധി നേരിട്ട കോവിഡ് കാലത്തും ഗീത പ്രസ് വളരുകയായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 111 കോടി രൂപയുടെ പുസ്തകങ്ങൾ വിറ്റുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.