‘ഗീത പ്രസ്സിന് ഗാന്ധി പുരസ്കാരം ഗോഡ്സെക്കും സവർക്കറിനും നൽകുന്നതിന് തുല്യം’; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗൊരഖ്പൂർ ആസ്ഥാനമായുള്ള ഗീത പ്രസ്സിന് സാസ്കാരിക മന്ത്രാലയത്തിന്‍റെ ഗാന്ധി സമാധാന പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെക്കും ഹിന്ദുത്വ താത്വികചാര്യനായ വി.ഡി സവർക്കർക്കും പുരസ്കാരം നൽകുന്നതിന് തുല്യമാണ് ഗീത പ്രസ്സിന് പുരസ്കാരം നൽകുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
ഗാന്ധിയുടെ ആശയത്തിന് വിരുദ്ധമായി പുസ്കതം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസ്സെന്നും പുസ്തകത്തിന്‍റെ കവർ ചിത്രം പങ്കുവെച്ച് ജയ്റം രമേശ് ട്വിറ്ററിൽ കുറിച്ചു.
2021ലെ ഗാന്ധി സമാധാന പുരസ്കാരം ഗൊരഖ്പൂർ ആസ്ഥാനമായുള്ള ഗീത പ്രസ്സിന് നൽകാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഗാന്ധിയൻ ആശയങ്ങളായ സമാധാനത്തിന്‍റെയും സാമൂഹിക സൗഹാർദത്തിന്‍റെയും പ്രചാരണത്തിൽ ഗീത പ്രസ്സ് വഹിച്ച സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത്.
1923ൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സ്ഥാപിതമായ ഗീത പ്രസ്സ് ലോകത്തിലെ വലിയ പ്രസാധകരിൽ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതയും 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളും ഗീത പ്രസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപിതമായതിന്‍റെ 100-ാം വാർഷികത്തിലാണ് ഗീത പ്രസിന് പുരസ്കാരം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.