'50 ദിവസം തരൂ, തീരുമാനം തെറ്റെങ്കിൽ ജീവനോടെ കത്തിക്കൂ'; മോദിയെ ഓർമിപ്പിച്ച് സമൂഹമാധ്യമങ്ങൾ
text_fieldsഎ.ടി.എമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ രാജ്യം വരിനിന്ന് കുഴഞ്ഞുവീണ് മരിച്ചതിന്‍റെ നാലാം വാർഷികമാണിന്ന്. നാല് വർഷം മുമ്പ് ഇതുപോലൊരു നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരൊറ്റ പ്രസ്താവനയിലൂടെ കോടിക്കണക്കിനാളുകളെയും സാമ്പത്തിക രംഗത്തെയും ജനജീവിതത്തെയാകെയും അനിശ്ചിതത്വത്തിലാക്കിയത്. 500ന്‍റെയും 1000ന്‍റെയും നോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ പിൻവലിച്ച് നടപ്പാക്കിയ പരിഷ്കാരം സാമ്പത്തിക രംഗത്തിന് ആഘാതം മാത്രം സമ്മാനിച്ച് നിലനിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ അക്കാലത്തെ പ്രസംഗം ഓർമിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
'എനിക്ക് 50 ദിവസം തരൂ, എന്‍റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ജീവനോടെ കത്തിക്കാം' മിഴികൾ നിറച്ചുകൊണ്ട് മോദി പറഞ്ഞത് ഒരു ഇന്ത്യക്കാരനും മറക്കാനിടയില്ല. 50ഉം 500ഉം ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം ശരിയാണെന്നു മാത്രം തെളിയിക്കാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞിട്ടില്ല.
കള്ളപ്പണം ഇല്ലാതാക്കുക, തീവ്രവാദ ആക്രമണങ്ങള്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് 2016 നവംബര്‍ 8 രാത്രി 8.15ന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്ന് രാത്രി 12 മണിക്കു ശേഷം 500, 1000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയം നിയമവിരുദ്ധമാക്കി.
തെറ്റാണെങ്കിൽ എന്നെ ജീവനോടെ കത്തിക്കൂവെന്ന പ്രസ്താവന മോദി അനുകൂലികൾ അക്കാലത്ത് മുദ്രാവാക്യമായെടുത്തിരുന്നു. എന്നാൽ, പിന്നീടൊരിക്കലും നോട്ട് നിരോധനത്തെ കുറിച്ച് മിണ്ടാനോ പാർലമെന്‍റിൽ ചർച്ച ചെയ്യാനോ സർക്കാർ തയാറായില്ല.
നോട്ട് നിരോധനത്തിന്‍റെ 45 ദിവസത്തിനുള്ളിൽ രാജ്യത്ത് ബാങ്കുകൾക്ക് മുന്നിലും എ.ടി.എമ്മിന് മുന്നിലും വരിനിന്ന് കുഴഞ്ഞുവീണ് മരിച്ചത് 105 പേരാണ്. നിരവധി പേർ പണം ലഭിക്കാതെ ആത്മഹത്യ ചെയ്തു.
നാല് വർഷം പിന്നിടുമ്പോഴും നോട്ട് നിരോധനത്തെ കുറിച്ച് സംസാരിക്കാൻ കേന്ദ്രം തയാറാവുന്നില്ല. സാമ്പത്തിക വിപ്ലവമെന്നായിരുന്നു മോദി ആരാധകർ നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. വിപ്ലവത്തിന്‍റെ വാർഷികത്തിൽ ആരുമെന്തേ ഒന്നും മിണ്ടാത്തതെന്ന് ചോദിക്കുകയാണ് ജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.