ആന്‍റി വൈറൽ മരുന്നുകളുടെ ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ വേണം -ഡോ. രൺദീപ് ഗുലേറിയ
text_fieldsന്യൂഡൽഹി: കോവിഡിനെതിരെ ഉപയോഗിക്കാവുന്ന ആൻറി വൈറലുകളിലും മറ്റ് മരുന്നുകളിലും ആണ് ഇനി കൂടുതൽ ഗവേഷണങ്ങൾ വേണ്ടതെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്തെ മറ്റ് പ്രമുഖ ഡോക്ടർമാർക്കൊപ്പം കോവിഡ് 19 ചികിത്സകളെക്കുറിച്ചുള്ള 'എമർജിങ് കോവിഡ് 19 ട്രീറ്റ്മെൻറ് തെറാപ്പീസ്' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 മാസത്തിലേറെയായി നമ്മൾ കോവിഡ് ചികിത്സ രംഗത്ത് മുന്നേറിയെങ്കിലും നിക്ഷേപങ്ങൾ മുഴുവനും വാക്സിൻ വികസനത്തിലേക്ക് പോയെന്ന് ഡോ. രൺദീപ് ചൂണ്ടിക്കാട്ടി. വൈറസിനെതിരെ ഫലപ്രദമാകാൻ സാധ്യതയുള്ള ആന്‍റിവൈറലുകൾക്ക് വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ആൻറിവൈറൽ മരുന്ന് പ്രതിരോധ കുത്തിവെപ്പിനൊപ്പം രോഗികൾക്ക് എളുപ്പത്തിൽ നൽകാവുന്നതും ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ഉള്ളതുമാണ്. ഇതിലേക്ക് നമ്മുടെ ശ്രദ്ധ കൂടുതൽ തിരിയേണ്ടതുണ്ട്. 'എപ്പോൾ ഏത് മരുന്ന് നൽകണം, എപ്പോൾ നൽകരുത് എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യമായ ധാരണയുണ്ട്. മരുന്നിന്‍റെ സമയം മരുന്നിനോളം പ്രധാനമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.
മോണോക്ലോണൽ ആന്‍റിബോഡികളുടെ ഉപയോഗത്തിൽ പാനലിസ്റ്റുകളെല്ലാം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം തരംഗത്തിന്‍റെ തുടക്കത്തിൽ ലഭ്യമായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ലീലാവതി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിലെ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. 'മോണോക്ലോണൽ തെറാപ്പി ഹൈ റിസ്ക് ഗ്രൂപ്പിലുള്ള ആളുകൾക്ക് നൽകിയാൽ ഒരു ജീവൻ രക്ഷിക്കാനുള്ള സാധ്യതയുണ്ട്. അത് ഉപയോഗിക്കാൻ അനുയോജ്യമായ സമയം 48 മുതൽ 72 വരെ മണിക്കൂറാണ്. നിർഭാഗ്യവശാൽ, മിക്ക രോഗികളും ഈ സമയം കഴിഞ്ഞതിനുശേഷമാണ് ഡോക്ടറുടെ അടുത്ത് എത്തുന്നത്. രണ്ടാമത്തെ തരംഗം കുറയുമ്പോഴാണ് ഇന്ത്യയിൽ ഈ മരുന്ന് എത്തിയത്. എന്നാലും ഉപയോഗിച്ചിടത്തെല്ലാം നല്ല ഫലം കണ്ടു'- അദ്ദേഹം പറഞ്ഞു. നിലവിൽ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത് ഡെൽറ്റ വകഭേദത്തിനെതിരേയും സമ്പർക്ക രോഗികൾക്കും ഇത് ഫലപ്രദമാണെന്നാണ്. റിക്കവറി ഡാറ്റ സൂചിപ്പിക്കുന്നത് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിലും ഇതിന്‍റെ ഉപയോഗം ഫലപ്രദമായിരുന്നു എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിയിൽ ആശങ്കയുണ്ടെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ ചികിത്സ നൽകാൻ പര്യാപ്തമാണെന്ന് കേരളത്തിൽ നിന്നും സെമിനാറിൽ പങ്കെടുത്ത ഡോക്ടർ പത്മനാഭ ഷേണായ് പറഞ്ഞു. എന്നാൽ, സജീവ കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിൽ വന്നാൽ കേരളത്തിൽ കിടക്കകളുടെ ക്ഷാമം വന്നേക്കാം. എന്നാൽ വേഗത്തിൽ പോകുന്ന വാക്സിനേഷൻ നമുക്ക് ഗുണം ചെയ്യും. പ്രതിരോധ കുത്തിവെപ്പിനു ശേഷവും മതിയായ രോഗപ്രതിരോധ ശേഷി വികസിക്കാത്ത ആളുകളിൽ മോണോക്ലോണൽ ആന്‍റിബോഡികൾ ഉപയോഗിക്കുന്നതിലൂടെ നല്ല ഫലങ്ങൾ ലഭിച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇവർക്ക് പുറമേ, പി.ജി.ഐ.എം.എസ് റോത്തക്കിലെ നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. ധ്രുവ ചൗധരി, ചെന്നൈയിൽ നിന്നും മുതിർന്ന പകർച്ചവ്യാധി വിദഗ്ദൻ ഡോ. സുബ്രഹ്മണ്യം സ്വാമിനാഥൻ എന്നിവരും സെമിനാറിൽ പങ്കെടുത്തു. ഇന്‍റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബീയ്ങ് കൗൺസിൽ (ഐ.ഡബ്ല്യു.എച്ച്) ആണ് സെമിനാർ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.