ഞങ്ങൾക്ക് 35 സീറ്റ് തരൂ; അതോടെ മമത ബാനർജി പുറത്താകും -അമിത് ഷാ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് 35 സീറ്റ് തരികയാണെങ്കിൽ മുഖ്യമന്ത്രി മമത ബാനർജി പുറത്താകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പശ്ചിമബംഗാളിൽ 42 പാർലമെന്ററി സീറ്റുകളാണുള്ളത്. അതിൽ 35 എണ്ണത്തിലും ബി.ജെ.പിയെ വിജയിപ്പിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. 2019ൽ 19 എണ്ണത്തിലാണ് ബി.ജെ.പി വിജയിച്ചത്. സുരി ബിർഭും ജില്ലയിൽ നടന്ന റാലിയിൽ മമതയെയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ജില്ല പ്രസിഡന്റ് അനുബ്രത മൊൻഡൽ എന്നിവരെ ലക്ഷ്യമിട്ടാണ് അമിത് ഷാ സംസാരിച്ചത്. കാലിക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത മൊൻഡൽ ജയിലിലാണ്. ഇദ്ദേഹത്തിന്റെ അസാന്നിധ്യം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
''ബംഗാളിൽ മമതയുടെ ദുർഭരണമാണ്. അഴിമതി നിറഞ്ഞിരിക്കുകയാണ്. ബി.ജെ.പി അധികാരത്തിൽ വന്നാൽ മാത്രമേ അത് അവസാനിപ്പിക്കാൻ സാധിക്കൂ. ഞങ്ങൾ കന്നുകാലിക്കടത്ത് ഇല്ലാതാക്കി. നിങ്ങൾ ബംഗാളിൽ നുഴഞ്ഞുകയറ്റം ആഗ്രഹിക്കുന്നുണ്ടോ? ബി.ജെ.പിക്ക് വോട്ട് ചെയ്യുകയാണ് ഒരേയൊരു വഴി.''-അമിത് ഷാ പറഞ്ഞു.
2024 ലെ തെരഞ്ഞെടുപ്പിൽ 42ൽ 35 പാർലമെന്ററി സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. അതോടെ മമതയെ ബംഗാളിൽ നിന്ന് തുരത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളെ ലക്ഷ്യമിടുകയാണ് ബി.ജെ.പിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അമിത് ഷാ സ്വന്തം നിലക്ക് തന്നെ വലിയ പ്രചാരണം നടത്തിയിട്ടും 2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റമൊന്നുമുണ്ടാക്കാൻ സാധിക്കാത്തതിന്റെ വൈരാഗ്യം തീർക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ബംഗാളിലെത്തുന്ന പക്ഷിയാണ് അമിത് ഷാ. ഡൽഹിയിലേക്ക് തിരിച്ചു പോയി സ്വന്തം ജോലി വൃത്തിയായി ചെയ്യുന്നതാവും നന്നാവുകയെന്നും പാർട്ടി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.