‘ഷോക്കടിപ്പിച്ചു, ക്രൂരമായി മർദിച്ചു, പ്രതിപക്ഷ പാർട്ടികളുടെ പേര് പറയാൻ നിർബന്ധിച്ചു, നിരവധി ഒഴിഞ്ഞ പേപ്പറുകളിൽ ഒപ്പിടുവിച്ചു...’
text_fieldsന്യൂഡൽഹി: ഇക്കഴിഞ്ഞ ഡിസംബറിലാണ് ഏതാനും യുവാക്കൾ പാർലമെന്റിൽ അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി വിചാരണവേളയിൽ പൊലീസ് കസ്റ്റഡിയിൽ നേരിട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് അഞ്ചുപേരും വെളിപ്പെടുത്തിയത്.
ഇലക്ട്രിക് ഷോക്ക് നൽകിയും ക്രൂരമായി മർദിച്ചുമാണ് അവരെ ക്രൂരമായി പീഡിപ്പിച്ചത്. മാത്രമല്ല, സംഭവത്തിനു പിന്നിൽ പ്രതിപക്ഷ പാർട്ടികളാണ് പറയാൻ നിർബന്ധിക്കുകയും ചെയ്തു. പ്രതികളെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടി നേതാവാണ് പാർലമെന്റിലെ അതിക്രമത്തിനു പിന്നിലെന്ന് പറയാൻ പൊലീസ് അവരെ നിരന്തരം സമ്മർദം ചെലുത്തിക്കൊണ്ടേയിരുന്നുവെന്നും ലീഗൽ ന്യൂസ് വെബ്സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ടിൽ പറയുന്നു.
70 ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടാൻ അന്വേഷണ ഉദ്യോഗസ്ഥർ അവരെ നിർബന്ധിച്ചു. യു.എ.പി.എ കുറ്റം ചെയ്തതായി അവരെ ഏറ്റുപറയിപ്പിച്ചു. ആറ് കുറ്റാരോപിതരിൽ മനോരഞ്ജൻ ഡി, സാഗർ ശർമ, ലിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത്ത് എന്നിവരെയാണ് ഡൽഹിയിലെ അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.
പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡുകളുടെയും ഇമെയിലിന്റെയും മൊബൈൽ ഫോണിന്റെയും പൊലീസ് നിർബന്ധിച്ചു പറയിപ്പിച്ചുവെന്നും ലൈവ് ലോ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
''ഇപ്പോൾ ഉപയോഗിക്കുന്നതും മുമ്പ് ഉപയോഗിച്ചിരുന്നതുമായ എല്ലാ മൊബൈൽ ഫോണുകളുടെയും പാസ്വേഡുകളും നമ്പറുകളും പൊലീസ് ചോദിച്ചു വാങ്ങി.''-ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
മാർച്ച് ഒന്ന് വരെ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുകയാണ്. അഞ്ച് പ്രതികളുടെ അപേക്ഷകളിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 17ലേക്ക് മാറ്റിയിട്ടുമുണ്ട്. പ്രതികളുടെ ആരോപണത്തിൽ ഡൽഹി പൊലീസ് മറുപടി നൽകണമെന്നും ജഡ്ജി ഉത്തരവിട്ടു. കേസിൽ പ്രതിചേർക്കപ്പെട്ട ഏക വനിതയായ ആസാദിന് ജനുവരി 18ന് ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആസാദ്, ശർമ, മനോരഞ്ജൻ, ഷിൻഡെ എന്നിവരെയാണ് ഡൽഹി പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഝായെയും കുമാവത്തിനെയും പിന്നീടും അറസ്റ്റ് ചെയ്തു.
ഭഗത് സിങ് ഫാൻ ക്ലബ് എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിന്റെ ഭാഗമായ തങ്ങൾ തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ പ്രസക്തമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു പാർലമെന്റിൽ അതിക്രമം നടത്തിയത് എന്നാണ് യുവാക്കൾ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.