യോഗി എത്തുംമുമ്പ് കുളിക്കണം: ദലിതർക്ക് സോപ്പും ഷാമ്പുവും വിതരണം ചെയ്ത് ഭരണകൂടം
text_fieldsലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സന്ദര്‍ശനത്തിനുമുമ്പ് ദലിതർക്ക് കുളിച്ചു വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും വിതരണം ചെയ്ത് ജില്ലാഭരണകൂടം. ഗരഖ്പൂരിനടുത്ത് കുശിനഗറിലെ മെയിന്‍പുരി ഗ്രാമത്തിലാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന കുത്തിവെപ്പ് പരിപാടിക്ക് പെങ്കടുക്കാൻ എത്തേണ്ട താഴ്ന്ന ജാതിക്കാർക്കാണ് ഉദ്യോഗസ്ഥർ സോപ്പും ഷാമ്പുവും സോപ്പുപൊടിയുമടങ്ങിയ കിറ്റ് വിതരണം ചെയ്തത്.
കുത്തിവെപ്പ് നല്‍കേണ്ട മുസഹര്‍ ജാതി വിഭാഗത്തില്‍ പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ സോപ്പു കിറ്റുകൾ എത്തിച്ചത്. സോപ്പു കിറ്റ് നൽകിയശേഷം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് കുളിച്ചു സുഗന്ധംപൂശി വൃത്തിയായി എത്താൻ നിര്‍ദേശം നൽകുകയായിരുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു. എന്നാൽ അധികൃതർ ഇൗ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ സന്ദർശനം അനുബന്ധിച്ച് മേഖലയില്‍ റോഡ് വൃത്തിയാക്കുകയും റോഡിനു സമീപം ശൗചാലയം നിര്‍മിക്കുകയും ചെയ്തിരുന്നു. മേയ് 25 മുതല്‍ ജൂണ്‍ 11 വരെ നടക്കുന്ന വാക്‌സിനേഷന്‍ പരിപാടിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കുശിനഗറിലെ അഞ്ചു കുട്ടികള്‍ക്കാണ് ബോധവത്കരണത്തിെൻറ ഭാഗമായി കുത്തിവെപ്പ് നൽകിയത്.
നേരത്തെ, കൊല്ലപ്പെട്ട ബി.എസ്.എഫ്. ജവാെൻറ വീട് സന്ദര്‍ശനവും വിവാദമായിരുന്നു. മുഖ്യമന്ത്രി ജവാെൻറ ദിയോരിയയിലെ വീട്ടിലെത്തും മുന്‍പേ, ജില്ലാ ഭരണകൂടം എ.സി. ഘടിപ്പിക്കുകയും പുതിയ സോഫ, മേശ, കാര്‍പെറ്റ് എന്നിവ എത്തിക്കുകയും പിന്നീട് അവയെല്ലാം അഴിച്ചെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.