ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ പ്രതികരണവുമായി അമേരിക്ക; ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിച്ചതിൽ സന്തോഷം
text_fieldsവാഷിങ്ടൺ: അരുണാചൽ പ്രദേശിനോട് ചേർന്ന അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിച്ചതിൽ അമേരിക്കക്ക് സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രതികരിച്ചു. സ്ഥിതിഗതികൾ യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിർത്തി തർക്കം ചർച്ച ചെയ്യാൻ ഉഭയകക്ഷി മാർഗം ഉപയോഗിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
ഡിസംബർ ഒമ്പതിനാണ് അരുണാചൽ പ്രദേശിലെ തവാങ് യാങ്ത്സെ തിർത്തി പ്രദേശത്ത് ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയത്. യഥാർഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച കടക്കാനുള്ള ശ്രമം അറുന്നൂറോളം വരുന്ന ചൈനീസ് സൈനികരുടെ ശ്രമം ഇന്ത്യൻ സൈനികർ പ്രതിരോധിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കൈകാലുകൾ ഒടിഞ്ഞ ഏതാനും ഇന്ത്യൻ സൈനികർ ഗുവാഹതി ആശുപത്രിയിൽ ചികിത്സയിലാണ്. ചൈനയുടെ സൈനികർക്കും പരിക്കേറ്റുവെന്നാണ് അനൗദ്യോഗിക വിവരം. ഏറ്റുമുട്ടലിന് പിന്നാലെ ഇരുകൂട്ടരും പ്രദേശത്തുനിന്ന് പിൻവാങ്ങി.
തവാങ് സംഘർഷത്തെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ അഖണ്ഡത കാത്തുസുക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും അത്തരം ഏതു നീക്കവും ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തു വന്നു. ചൈനയുടെ കൈയേറ്റത്തിനു മുന്നിൽ സർക്കാർ നിശ്ശബ്ദ കാഴ്ചക്കാരായി നിൽക്കുന്നത് രാജ്യസുരക്ഷയും അതിർത്തി ഭദ്രതയും അപകടത്തിലാക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
അരുണാചൽ പ്രദേശ് അതിർത്തി മേഖലയിൽ ഇന്ത്യ-ചൈന സംഘർഷം ആദ്യമല്ല. അതിർത്തി വ്യക്തമായി തിരിക്കാൻ കഴിയാത്ത ഈ മേഖലയിൽ നിരീക്ഷണ യാത്രക്കിടയിൽ സൈനികർ തമ്മിൽ ഉരസൽ ഉണ്ടാകാറുണ്ട്. 2021 ഒക്ടോബറിലും സംഘർഷം ഉണ്ടായിരുന്നു. പട്രോളിങ് നടത്തിയ ചൈനീസ് സേന ഇന്ത്യയുടെ സൈനികരെ മണിക്കൂറുകൾ തടഞ്ഞുവെച്ചിരുന്നു.
2020 ജൂൺ 15നാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് ലിബറേഷൻ ആർമിയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൈനയുടെ 40 പേരും മരിച്ചതായാണ് റിപ്പോർട്ട്. പ്യോങ്യാങ് തടാകത്തിന്റെ തെക്കൻ തീരത്താണ് അന്ന് സംഘർഷമുണ്ടായത്. തുടർച്ചയായ ചർച്ചകളിലൂടെ ചില മേഖലകളിൽ സംഘർഷസ്ഥിതിക്ക് അയവു വന്നെങ്കിലും എല്ലായിടത്തും സമാനമായ സാഹചര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.