ലോകത്തിലെ ഇന്ത്യൻ വംശജരായ ആഗോള നേതാക്കളെ അറിയാം...
text_fieldsചരിത്രപരമായ ഓർത്തുവെക്കാൻ കഴിയുന്ന ഒരു നിമിഷമെങ്കിലും ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ബ്രിട്ടണിൽ ആദ്യമായി ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പഞ്ചാബിൽ വേരുകളുള്ള ഋഷി സുനക് ആണത്. എന്നാൽ, ഇന്ത്യക്ക് പുറത്ത് ഒരു ഇന്ത്യൻ വംശജൻ പ്രമുഖ നേതാവാകുന്നത് ഇതാദ്യമായല്ല. അതിനാൽ, ഇന്ത്യൻ ബന്ധമുള്ള ചില ആഗോള നേതാക്കളെ കുറിച്ച് നമുക്ക് അറിയാം.
ഋഷി സുനക്
200 വർഷത്തിനിടെ യു.കെയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനായ ആദ്യത്തെ ആളുമാണ് ഋഷി സുനക്. പഞ്ചാബിൽ കുടുംബവേരുകളുള്ള വ്യക്തിയാണ് സുനക്. നേരത്തെ, ബ്രിട്ടന്‍റെ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച സുനക് ഒക്ടോബർ 20ന് ലിസ് ട്രസ് രാജിവച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കമല ഹാരിസ്
അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്‍റ് ആണ് കമല ദേവി ഹാരിസ്. ഇന്ത്യൻ-ജമൈക്കൻ മാതാപിതാക്കൾക്ക് ജനിച്ച കമല ഹാരിസ്, അമേരിക്കയുടെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വൈസ് പ്രസിഡന്റ് കൂടിയാണ്. കൂടാതെ, 2017 മുതൽ 2021 വരെ കാലിഫോർണിയ സെനറ്ററായിരുന്നു. കമലയുടെ മാതാവ് ശ്യാമള ഗോപാലൻ തമിഴ്നാട് സ്വദേശിയാണ്.
മുഹമ്മദ് ഇർഫാൻ അലി
ഗയാനയുടെ ഒമ്പതാമത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് ആണ് മുഹമ്മദ് ഇർഫാൻ അലി. 2020 ആഗസ്റ്റിലാണ് ഉന്നത പദവിയിൽ അദ്ദേഹം എത്തുന്നത്. കൂടാതെ, ഗയാനയുടെ ആദ്യത്തെ മുസ് ലിം പ്രസിഡന്‍റ് കൂടിയാണ് മുഹമ്മദ് ഇർഫാൻ അലി. ലിയോനോറയിലെ മുസ് ലിം ഇന്തോ-ഗയാനീസ് കുടുംബത്തിൽ ജനിച്ച ഇർഫാൻ, നൂർ ഹസനലിക്ക് ശേഷം തെക്കേ അമേരിക്കൻ രാജ്യത്തെ രണ്ടാമത്തെ മുസ് ലിം രാഷ്ട്രത്തലവൻ കൂടിയാണ്.
അന്‍റോണിയോ കോസ്റ്റ
2015ൽ പോർച്ചുഗൽ പ്രധാനമന്ത്രിയായ അന്‍റോണിയോ കോസ്റ്റയുടെ കുടുംബവേര് ഇന്ത്യയിലാണ്. അന്‍റോണിയോയുടെ പിതാവിന്‍റെ കുടുംബം ഗോവയിൽ നിന്നുള്ളതാണ്. പിതാവ് ഒർലാൻഡോ ഡ കോസ്റ്റ ജനിച്ചത് കിഴക്കൻ ആഫ്രിക്കയിലെ മൊസാംബിക്കിലാണ്.
ചാൻ സന്തോഖി
തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിന്‍റെ പ്രസിഡന്റായി ചന്ദ്രിക പെർസാദ് 'ചാൻ' സന്തോഖി തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ നെതർലൻഡ്‌സിലെ പൊലീസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സന്തോഖിയെ പൊലീസ് മേധാവിയായി നിയമിച്ചിരുന്നു. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് സുരിനാമിന്‍റെ പ്രസിഡന്‍റായി സന്തോഖിയെ നിയമിച്ചത് വലിയൊരു വഴിത്തിരിവായിരുന്നു.
പ്രവീൺ ജുഗ്‌നാഥ്
2017 മുതൽ മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായ പ്രവീൺ ജുഗ്‌നാഥ് ഇന്ത്യയിലെ ഉത്തർപ്രദേശിൽ നിന്നുള്ള ആളാണ്. ലാ കാവേണിലെ അഹിർസിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ജുഗ്‌നാഥ് ജനിച്ചത്.
പൃഥ്വിരാജ് സിങ് രൂപൻ
മൗറീഷ്യസ് പ്രസിഡന്‍റായ പൃഥ്വിരാജ് സിങ് രൂപൻ ഇന്ത്യൻ വംശജനാണ്. 2019ലാണ് പൃഥ്വിരാജ്സിങ് രൂപൻ ജി.സി.എസ്.കെ എന്ന പൃഥ്വിരാജ് സിങ് രൂപൻ പ്രസിഡന്‍റായി ചുമതലയേറ്റത്. അവരുടെ ഉണ്ട്, അദ്ദേഹത്തിന് ഇന്ത്യൻ ബന്ധമുണ്ട്. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച അദ്ദേഹം ആര്യ സമാജത്തിന്‍റെ അനുയായിയാണ്.
വേവൽ രാംകലവാൻ
സീഷെൽസ് പ്രസിഡന്‍റ് പദത്തിൽ രണ്ട് വർഷം കാലാവധി പൂർത്തിയാക്കിയ വേവൽ രാംകലവാനും ഇന്ത്യയുമായി ബന്ധമുണ്ട്. രാംകലാവന്‍റെ മുത്തച്ഛൻ ഇന്ത്യയിലെ ബിഹാർ സ്വദേശിയായിരുന്നു. സീഷെൽസിലെ ദ്വീപായ മാഹിയിലാണ് രാംകലാവൻ ജനിച്ചത്.
ഹലീമ യാക്കൂബ്
2017ൽ സിംഗപ്പൂരിന്‍റെ ആദ്യ വനിത പ്രസിഡന്‍റായ ഹലീമ യാക്കൂബും ഇന്ത്യൻ വംശജയാണ്. ഹലീമ പിതാവ് ഇന്ത്യക്കാരനും അമ്മ മലയാളിയുമാണ്. അഭിഭാഷകയായിരുന്ന ഹലീമ സിംഗപ്പൂരിന്‍റെ എട്ടാമത്തെ പ്രസിഡന്‍റായാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്.
സി.വി ദേവൻ നായർ
സിംഗപ്പൂരിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായിരുന്നു സി.വി ദേവൻ നായർ. 1981 ഒക്ടോബർ 23ന് രാഷ്ട്രപതിയായ അദ്ദേഹം 1985 മാർച്ച് 28 വരെ പദവിയിൽ തുടർന്നു. പിന്നീട് പൊതുജീവിതത്തിൽ നിന്ന് വിരമിച്ചു. കേരളത്തിലെ കണ്ണൂർ തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്ത് നിന്ന് മലേഷ്യയിലേക്ക് കുടിയേറിയവരാണ് ദേവൻ നായരുടെ മാതാപിതാക്കൾ. 1923 ആഗസ്റ്റ് അഞ്ചിന് മലേഷ്യയിലാണ് അദ്ദേഹം ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.