പ്രഫ. ജി.എൻ. സായിബാബ അന്തരിച്ചു
text_fieldsഹൈദരാബാദ്: ഭരണകൂട അടിച്ചമർത്തലുകൾക്കെതിരായ നിലപാടുകളിലൂടെ മനുഷ്യാവകാശ പോരാട്ടത്തിന് പുതുഭാഷ്യം ചമച്ച പ്രഫ. ജി.എൻ. സായിബാബ (57) ഇനി ഓർമ. മാവോവാദികളുമായി ബന്ധമുണ്ടെന്ന കേസിൽ 10 വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ച് ഒടുവിൽ കോടതി കുറ്റമുക്തനാക്കിയ, ഡൽഹി സർവകലാശാല മുൻ പ്രഫസർ കൂടിയായ സായിബാബയുടെ അന്ത്യം ശനിയാഴ്ച രാത്രി ഒമ്പതിന് ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു.
പിത്താശയ അണുബാധയെത്തുടർന്ന് രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ആന്ധ്രപ്രദേശിലെ തീരദേശജില്ലയായ കൊനസീമയിലെ അമലാപുരം സ്വദേശിയായ സായിബാബ ആദിവാസി അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയനായത്. തിങ്കളാഴ്ച ഹൈദരാബാദിലെ ജവഹർ നഗറിലെ സഹോദരന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അന്ത്യോപചാരമർപ്പിക്കും.
തുടർന്ന്, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളജിന് മൃതദേഹം കൈമാറും. വസന്തകുമാരിയാണ് ഭാര്യ. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന സായിബാബ ചക്രക്കസേരയുടെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് സായിബാബയെയും മറ്റ് അഞ്ച് പേരെയും കുറ്റമുക്തരാക്കിയത്.
10 വർഷത്തെ ജയിൽവാസത്തിനുശേഷം മാർച്ച് ഏഴിന് സായിബാബ നാഗ്പൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും ഒമ്പത് മാസത്തോളം ജയിൽ അധികൃതർതന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ജയിൽ മോചിതനായശേഷം സായിബാബ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.