ഗുലാംനബിയെ നേതാവാക്കിയത് കോൺഗ്രസ് -ഗെഹ് ലോട്ട്; ഗുലാംനബിയുടെ റിമോട്ട് കൺട്രോൾ മോദിയുടെ പക്കലെന്ന് ജയറാം രമേശ്
text_fieldsന്യൂഡൽഹി: കോൺഗ്രസിലൂടെയാണ് ഗുലാംനബി ദേശീയതലത്തിൽ മേൽവിലാസം നേടിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. കോൺഗ്രസ് 42 വർഷം തുടർച്ചയായി ഓരോ പദവികളിൽ ഇരുത്തിയവർ ഇങ്ങനെ പെരുമാറുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഗുലാംനബിക്ക് കോൺഗ്രസ് എല്ലാം കൊടുത്തു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, സോണിയ ഗാന്ധി എന്നിവരിലൂടെയാണ് അദ്ദേഹം വലിയ മേൽവിലാസങ്ങൾ നേടിയത്. അദ്ദേഹത്തിന്റെ വികാരപ്രകടനം ഈ രീതിയിലാവുമെന്ന് കരുതിയില്ല. ചെയ്തത് ഉൾക്കൊള്ളാൻ കഴിയുന്നില്ല -ഗെഹ് ലോട്ട് പറഞ്ഞു.
ഗുലാംനബി പാർട്ടിനേതൃത്വത്തെ വഞ്ചിച്ചതായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഗുലാംനബിയുടെ റിമോട്ട് കൺട്രോൾ നരേന്ദ്ര മോദിയുടെ പക്കലാണ്. ഇരുവരുടെയും സ്നേഹം മുമ്പ് പാർലമെന്റിൽ പ്രകടമായതാണ്. ആദ്യം പാർലമെന്റിൽ മോദിക്കണ്ണീർ, പിന്നെ പത്മവിഭൂഷൺ. ഡൽഹിയിൽ സർക്കാർ ബംഗ്ലാവിൽ കൂടുതൽ കാലം താമസിക്കാൻ അനുമതി. ഇതൊന്നും ആകസ്മികമല്ല.
വിലക്കയറ്റ വിരുദ്ധ റാലി, ഭാരത് ജോഡോ യാത്ര എന്നിവയുടെ ഒരുക്കങ്ങളിൽ പാർട്ടി മുഴുകിനിൽക്കുന്ന ഘട്ടത്തിൽ മുതിർന്ന നേതാവ് ഗുലാംനബി ആസാദ് മാധ്യമങ്ങൾക്ക് നൽകിയ കത്ത് വായിക്കേണ്ടി വന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. അടുത്ത മാസം നാലിന് ഡൽഹി രാംലീല മൈതാനത്ത് വിലക്കയറ്റ വിരുദ്ധ റാലി സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് പാർട്ടിയാകെ. ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ചു നിൽക്കുന്നു. ഈയൊരു ഘട്ടത്തിൽ ഇത്തരമൊരു കത്ത് വായിക്കേണ്ടി വന്നതിൽ അങ്ങേയറ്റം ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം ഗുലാംനബി പുനഃപരിശോധിക്കണമെന്ന് ജമ്മു-കശ്മീർ കോൺഗ്രസ് നേതാവ് യോഗേഷ് സാഹ്നി ആവശ്യപ്പെട്ടു. ഗുലാംനബി ആസാദ് രാജിവെക്കാൻ നിർബന്ധിതമായതാണെന്ന് ബി.ജെ.പി ജമ്മു-കശ്മീർ അധ്യക്ഷൻ രവീന്ദർ റയ്ന അഭിപ്രായപ്പെട്ടു. പാർട്ടിയിൽ ജനാധിപത്യമില്ലാത്തതുകൊണ്ടാണ് രാജിവെച്ചത്. കോൺഗ്രസ് ഒരു കുടുംബത്തിന്റെ താൽപര്യം മാത്രമാണ് നോക്കുന്നതെന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.