കണ്ണാടിയിൽ പൊട്ടൽ: ഗോ ഫസ്റ്റ് ഡൽഹി-ഗുവാഹതി വിമാനം ജയ്പുരിൽ ഇറക്കി
text_fieldsന്യൂഡൽഹി: ഡൽഹിയിൽനിന്ന് ഗുവാഹതിയിലേക്ക് പറക്കുകയായിരുന്ന ഗോ ഫസ്റ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജയ്പുരിൽ ഇറക്കി. വിമാനത്തിന്റെ മുന്നിലെ കണ്ണാടിയിൽ പൊട്ടൽ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്.
ഡൽഹിയിലേക്ക് മടങ്ങാനാണ് പൈലറ്റ് ഉദ്ദേശിച്ചതെങ്കിലും ബുധനാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയെ തുടർന്ന് ഇവിടെ ഇറക്കാനായില്ല. രണ്ടു ദിവസത്തിനിടെ ഗോ ഫസ്റ്റിന്റെ മൂന്നാമത്തെ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് പാതിവഴിയിലാകുന്നത്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ(ഡി.ജി.സി.എ) അറിയിച്ചു. ചൊവ്വാഴ്ച മുംബൈ-ലേ, ശ്രീനഗർ-ഡൽഹി വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് നിലത്തിറക്കിയത്.
പുറപ്പെടുന്നതിനുമുമ്പ് വിമാനങ്ങളിൽ പരിശോധന നടത്തിയെന്നും പലയിടത്തും എൻജിനീയറിങ് വിഭാഗത്തിൽ ആവശ്യത്തിന് ആളുകൾ ഉണ്ടായില്ലെന്നും ഡി.ജി.സി.എ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് മുമ്പ് എൻജിനീയർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണം. ജൂലൈ 28നകം യോഗ്യരായവരെ നിയമിക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.