ഗോ ഫസ്റ്റ് എയർലൈൻസ് മുഴുവൻ സർവീസുകളും റദ്ദാക്കി; യാത്രക്കാർക്ക് പണം തിരികെ നൽകും
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗോ ഫസ്റ്റ് എയർലൈൻസ് മുഴുവൻ വിമാന സർവീസുകളും റദ്ദാക്കി. മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന സർവീസുകളാണ് റദ്ദാക്കിയത്. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ ഫസ്റ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം വൈകാതെ മടക്കി നൽകും. വിമാനം റദ്ദാക്കിയത് വഴി യാത്രക്ക് തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം ഗോ ഫസ്റ്റ് നൽകുമെന്നും വിമാന അധികൃതർ റദ്ദാക്കി.
സാമ്പത്തിക പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ സമർപ്പിച്ച പാപ്പർ ഹരജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി (എൻ.സി.എൽ.ടി) ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഴുവൻ സർവീസുകളും റദ്ദാക്കിയത്. വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ‘ഗോ ഫസ്റ്റ്’. ‘ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’.
2020 ജനുവരി മുതലാണ് ഇവർക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. സിംഗപ്പൂർ കോടതി ഉത്തരവിട്ടെങ്കിലും ‘പി ആൻഡ് ഡബ്ല്യു’ എന്ന വിമാന നിർമാണ കമ്പനി ‘ഗോ ഫസ്റ്റി’ന് എൻജിനുകൾ നൽകിയില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായെന്ന് ‘ഗോ ഫസ്റ്റ്’ മേധാവി കൗശിക് ഖോന ജീവനക്കാർക്കുള്ള അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു. നേരത്തെ, മുതൽ മൂന്നു ദിവസത്തേക്ക് ‘ഗോ ഫസ്റ്റ്’ വിമാനങ്ങൾ സർവിസ് റദ്ദാക്കിയിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗോ ഫസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസ് പോലെ കൂടുതൽ സർവീസ് നടത്തുന്ന കമ്പനിയാണ് പെട്ടെന്ന് ഇല്ലാതാവുന്നത്. കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിക്കേ് ഉൾപ്പടെ എല്ലാ ദിവസവും സർവീസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ ദമാമിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുവൈത്തിലേക്കും ഞായർ, ബുധൻ ദിവസങ്ങളിൽ ഒമാനിലേക്കും ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നു.186 സീറ്റുള്ള വിമാനം ദിനംപ്രതി ആറ് സർവിസ് നടത്തുന്നതിലൂടെ ആയിരത്തിലധികം പേരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.