ഗോ ഫസ്റ്റിന്റെ പാപ്പർ ഹരജി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ വിമാന കമ്പനി ‘ഗോ ഫസ്റ്റ്’ സമർപ്പിച്ച പാപ്പർ ഹരജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി (എൻ.സി.എൽ.ടി) വ്യാഴാഴ്ച പരിഗണിക്കും. വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ‘ഗോ ഫസ്റ്റ്’. ‘ജെറ്റ് എയർവേസി’നുശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’.
2020 ജനുവരി മുതലാണ് ഇവർക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. സിംഗപ്പൂർ കോടതി ഉത്തരവിട്ടെങ്കിലും ‘പി ആൻഡ് ഡബ്ല്യു’ എന്ന വിമാന നിർമാണ കമ്പനി ‘ഗോ ഫസ്റ്റി’ന് എൻജിനുകൾ നൽകിയില്ല. ഇത് പ്രതിസന്ധിക്ക് കാരണമായെന്ന് ‘ഗോ ഫസ്റ്റ്’ മേധാവി കൗശിക് ഖോന ജീവനക്കാർക്കുള്ള അറിയിപ്പിൽ പറഞ്ഞു. പി ആൻഡ് ഡബ്ല്യുവിന്റെ നിലപാടുമൂലം പകുതിയിലധികം വിമാനങ്ങൾ പ്രവർത്തനം നിർത്തേണ്ടിവന്നു.
മതിയായ വിമാനങ്ങളില്ലാത്തതിനാൽ സർവിസ് നടത്തി വരുമാനമുണ്ടാക്കാനാകുന്നില്ല. പ്രശ്നം തീർക്കാനും ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കൗശിക് ഖോന തുടർന്നു. ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ‘ഗോ ഫസ്റ്റ്’ വിമാനങ്ങൾ സർവിസ് റദ്ദാക്കിയിരിക്കുകയാണ്.
‘ഗോ ഫസ്റ്റ്’ കമ്പനി പാപ്പർ നടപടികളിലേക്ക് നീങ്ങിയത് ഇന്ത്യയിലെ വിമാന വ്യവസായത്തിനെ ദോഷകരമായി ബാധിക്കുമെന്നും ടിക്കറ്റ് നിരക്ക് വർധിക്കാൻ വഴിയൊരുക്കുമെന്നും ട്രാവൽ ഏജന്റുമാരുടെ കൂട്ടായ്മയായ ‘ടി.എ.എ.ഐ’ അഭിപ്രായപ്പെട്ടു. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.