"രാഷ്ട്രീയം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യൂ"; സുപ്രിയ സുലെക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: എൻ.സി.പി നേതാവും മഹാരാഷ്ട്ര എം.പിയുമായ സുപ്രിയ സുലെക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. രാഷ്ട്രീയം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യുന്നതാണ് നല്ലതെന്ന് എം.പിയെ ലക്ഷ്യമിട്ട് പട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തൊഴിൽ വിദ്യാഭ്യസം എന്നീ മേഖലകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു പാർട്ടികളും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് എം.പിയെ ലക്ഷ്യമിട്ടുള്ള ബി.ജെ.പി അധ്യക്ഷന്‍റെ പരാമർശം.
ഒ.ബി.സി ക്വാട്ടക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മധ്യപ്രദേശിന്റെ സംവരണപോരാട്ടവുമായി താരതമ്യപ്പെടുത്തിയതാണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്. ഒ.ബി.സി ക്വാട്ടക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന് എങ്ങനെയാണ് സുപ്രീം കോടതിയിൽ നിന്നും പച്ച സിഗ്നൽ ലഭിച്ചതെന്ന് എം.പി ചോദിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ഡൽഹിയിൽ വന്ന് ഒരാളെ കണ്ടു. രണ്ട് ദിവസം കൊണ്ട് അവർക്ക് ഒ.ബി.സി സംവരണത്തിന് അനുമതി ലഭിച്ചു. രണ്ട് ദിവസം കൊണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല- സുപ്രിയ സുലെ പറഞ്ഞു.
നിങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്നും വീട്ടിൽ പോയി പാചകം ചെയ്യൂ എന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ എങ്ങനെ കാണണമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെ? നിങ്ങൾ ഡൽഹിയിലേക്കോ നരഗത്തിലേക്കോ എവിടേക്ക് വേണമെങ്കിലും പോകൂ. പക്ഷെ ഞങ്ങൾക്ക് സംവരണം നൽകണം- ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം സുപ്രീം കോടതി മരവിപ്പിച്ച ഒ.ബി.സി ക്വാട്ട കിട്ടുന്നതിനായി വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
ബി.ജെ.പി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ അനേകം കഠിനാധ്വാനികളും കഴിവുള്ളവരുമായ സ്ത്രീകളിൽ ഒരാളായ വീട്ടമ്മയും അമ്മയും നല്ല രാഷ്ട്രീയക്കാരിയുമായ എന്‍റെ ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ബി.ജെ.പി നേതാവിന്‍റെ പരാമർശം എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്ല്യമാണെന്നും സദാനനന്ദ് സുലെ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.