ബി.ജെ.പിക്ക് തിരിച്ചടി; ഗോവയിൽ മന്ത്രിയും എം.എൽ.എയും രാജിവെച്ചു
text_fieldsപനാജി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഗോവയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മാലിന്യസംസ്കരണ വകുപ്പ് മന്ത്രി മൈക്കിൾ ലോബോയും പ്രവീൺ സാന്റി എം.എൽ.എയും പാർട്ടിയിൽനിന്നും നിയമസഭയിൽനിന്നും രാജിവെച്ചു. ഫെബ്രുവരി 14ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കുന്നതിനിടെ പ്രമുഖരായ രണ്ട് നേതാക്കളുടെ രാജി പാർട്ടിക്ക് ക്ഷീണമായി.
കലാൻഗുട്ട് അസംബ്ലി മണ്ഡലത്തെ പ്രതിനിധാനംചെയ്ത ലോബോ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. താഴേത്തട്ടിലുള്ള പ്രവർത്തകരെ പാർട്ടി അവഗണിക്കുകയാണെന്നും ബി.ജെ.പി സാധാരണക്കാരുടെ പാർട്ടിയല്ലെന്ന് വോട്ടർമാർ തന്നോട് പറഞ്ഞതായും ലോബോ പറഞ്ഞു. കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന് പാർട്ടികളുമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോബോ രാജിവെച്ച് മണിക്കൂറുകൾക്കകമാണ് മായം നിയമസഭ മണ്ഡലത്തെ പ്രതിനിധാനംചെയ്ത സാന്റിയും ബി.ജെ.പി വിട്ടത്.
മുൻ മുഖ്യമന്ത്രി മനോഹർ പരീകറുടെ നിർദേശപ്രകാരമാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും പരീകറുടെ മരണശേഷം പാർട്ടിയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നുവെന്നും സാന്റി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.