ഗോവ: ആഭ്യന്തരവും ധനവും മുഖ്യമന്ത്രിക്ക്
text_fieldsപനാജി: രണ്ടാം തവണയും ഗോവ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് ആഭ്യന്തര, ധന വകുപ്പുകൾ നിലനിർത്തി. സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ എട്ട് എം.എൽ.എമാർക്കും വകുപ്പുകൾ അനുവദിച്ചുള്ള വിജ്ഞാപനം ഞായറാഴ്ച പുറത്തിറങ്ങി. ആഭ്യന്തരം, ധനകാര്യം, പേഴ്‌സനൽ, വിജിലൻസ്, ഔദ്യോഗിക ഭാഷാ വകുപ്പുകൾ സാവന്ത് നിലനിർത്തി.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി രംഗത്തെത്തിയ വിശ്വജിത് റാണെക്ക് നഗരവികസന, വനിതാ ശിശു, വനം വകുപ്പുകൾക്കൊപ്പം ആരോഗ്യ, നഗര-ഗ്രാമാസൂത്രണ വകുപ്പുകളും നൽകി.
മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പലിനെ പനാജി മണ്ഡലത്തിൽനിന്ന് പരാജയപ്പെടുത്തിയ അറ്റനാസിയോ മോൺസെറേറ്റിന് റവന്യൂ, തൊഴിൽ, മാലിന്യ സംസ്‌കരണ വകുപ്പുകൾ അനുവദിച്ചു. മുതിർന്ന അംഗം മൗവിൻ ഗോഡിഞ്ഞോക്ക് ഗതാഗതം, വ്യവസായം, പഞ്ചായത്ത്, പ്രോട്ടോക്കോൾ മന്ത്രാലയങ്ങളും രവി നായിക്കിന് കൃഷി, കരകൗശല, സിവിൽ സപ്ലൈസ് വകുപ്പുകളും അനുവദിച്ചിട്ടുണ്ട്. നിലേഷ് കബ്രാളിനാണ് പൊതുമരാമത്ത് വകുപ്പ്. നിയമനിർമാണകാര്യം, പരിസ്ഥിതി, നിയമം, ജുഡീഷ്യറി വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യും. സുഭാഷ് ശിരോദ്കറിന് ജലവിഭവം, സഹകരണം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അസിസ്റ്റൻസ് വകുപ്പുകൾ അനുവദിച്ചു. ഗോവിന്ദ് ഗൗഡ് കായികം, കല, സംസ്കാരം, ആർ.ഡി.എ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യും.
റാണെ, ഗോഡിഞ്ഞോ, കബ്രാൾ, ഗൗഡ് എന്നിവർ 2019-22 ൽ സാവന്ത് മന്ത്രിസഭയുടെ ഭാഗമായിരുന്നു. പരീക്കറുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഖൗണ്ടെ മന്ത്രിയായപ്പോൾ 2019ൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.