ഗോവയിൽ എൻ.ഡി.എ സഖ്യകക്ഷി മുന്നണി വിട്ടു
text_fieldsപനജി: ഗോവ ഫോർവേർഡ് പാർട്ടി (ജി.എഫ്.പി) ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി വിട്ടു. എൻ.ഡി.എ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഗോവ വിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടൽ.
ഗോവയുടെ തനതായ ജീവിതശൈലി, പാരമ്പര്യം, പരിസ്ഥിതി, ഉപജീവനം എന്നിവയെല്ലാം സർക്കാർ തുലച്ചുവെന്ന് ജി.എഫ്.പി അധ്യക്ഷൻ വിജയ് സർദേശായി പറഞ്ഞു.
ജൂലൈ 2019ൽ തന്നെ മുന്നണിയുമായി വിട്ടുനിൽക്കുകയായിരുന്നുവെന്നും തീരുമാനത്തിൽ യാതൊരു പുനപരിശോധനയുമില്ലെന്നും എൻ.ഡി.എ ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാക്ക് അയച്ച കത്തിൽ സർദേശായി പറഞ്ഞു. ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾക്കും ഗോവൻ ജനതയുടെ ആഗ്രഹങ്ങൾക്കും ഒപ്പം നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്നു സർദേശായി. അതേസമയം, കോൺഗ്രസുമായി ജി.എഫ്.പി അടുക്കുന്നതായും റിപ്പോർട്ടുണ്ട്. മർഗാവോ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായാണ് സഖ്യമുണ്ടാക്കിയത്. സംസ്ഥാനത്തെ അഞ്ച് മുനിസിപ്പാലിറ്റികളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖ്യം ആവർത്തിക്കുമെന്ന് അഭ്യൂഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.