അധ്യാപികയെ പുറത്താക്കണമെന്ന് എ.ബി.വി.പി; പറ്റില്ലെന്ന് അറിയിച്ച് ഗോവയിലെ ലോ കോളജ്
text_fieldsപനജി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അധ്യാപികയെ പുറത്താക്കാനുള്ള എ.ബി.വി.പിയുടെ ആവശ്യം തള്ളി ഗോവയിലെ ലോ കോളജ്. മതവികാരം വ്രണപ്പെടുത്തി ക്ലാസെടുക്കുന്നുവെന്ന് ആരോപിച്ചാണ് സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പി അധ്യാപികക്കെതിരെ പരാതിപ്പെട്ടത്. എന്നാൽ, പരാതിയിൽ കഴമ്പില്ലെന്നും അധ്യാപികയെ പുറത്താക്കില്ലെന്നും വ്യക്തമാക്കി കോളജ് അധികൃതർ പരാതിക്ക് മറുപടി നൽകുകയായിരുന്നു.
പനജിയിലെ സാൽഗോവ്കർ കോളജാണ് തങ്ങളുടെ തീരുമാനം വ്യക്തമാക്കി എ.ബി.വി.പിക്ക് മറുപടി നൽകിയത്.
പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ പ്രഫ. ശിൽപ സിങ്ങിനെതിരെയായിരുന്നു എ.ബി.വി.പിയുടെ പരാതി. മനുസ്മൃതിയെ കുറിച്ച് മോശമായ രീതിയിൽ പഠിപ്പിച്ചുവെന്നും, രോഹിത് വെമുല, എം.എം. കൽബുർഗി, നരേന്ദ്ര ദഭോൽകർ തുടങ്ങിയവരെ കുറിച്ച് ക്ലാസ് മുറിയിൽ ചർച്ചചെയ്യുന്നുവെന്നും എ.ബി.വി.പി പരാതിയിൽ ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എ.ബി.വി.പി കൊങ്കൺ യൂനിറ്റ് കഴിഞ്ഞ മാസമാണ് കോളജിന് പരാതി നൽകിയത്. 24 മണിക്കൂറിനകം അധ്യാപികയെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ആവശ്യം നിരാകരിച്ച കോളജ് അധികൃതർ കോളജിലെ ആഭ്യന്തര പരാതി സെല്ലിൽ പരിശോധിക്കാമെന്ന് സംഘടനയെ അറിയിച്ചു.
അധ്യാപിക തന്‍റെ ഭാഗം കോളജ് അധികൃതർക്ക് വിശദീകരിച്ചു. എ.ബി.വി.പിയുടെത് ഭീഷണിയാണെന്നും ജോലി അവസാനിപ്പിക്കണമെന്നത് തന്‍റെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും പ്രഫ. ശിൽപ സിങ് പറഞ്ഞു. ബീഫിനെ കുറിച്ച് താൻ പറഞ്ഞതും ഇവർക്ക് അപ്രിയമായതായി അധ്യാപിക ചൂണ്ടിക്കാട്ടി.
മനുസ്മൃതിയിലെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ അധ്യാപിക ഓൺലൈൻ ക്ലാസിൽ ചർച്ച ചെയ്തിരുന്നു. ക്ലാസിൽ ഫാം ബില്ലിനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഉദാരവത്കരണം, മാർക്സിസം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപികയുടെ അഭിപ്രായപ്രകടനം പുറത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതും എ.ബി.വി.പിയുടെ പരാതിയിൽ പറയുന്നുണ്ട്.
പരാതിയിൽ കഴമ്പില്ലെന്നും കോളജിലെ വിദ്യാർഥിയല്ല പരാതിപ്പെട്ടിരിക്കുന്നതെന്നും കോളജ് പ്രിൻസിപ്പൽ ഷബീർ അലി പറഞ്ഞു. ഇതൊരു ലോ കോളജാണ്. ഞങ്ങൾക്ക് നിയമം അനുസരിക്കേണ്ടത്. നിയമപരമായി അധ്യാപികയെ പുറത്താക്കാൻ വകുപ്പില്ല. അതിനാലാണ് ആവശ്യം തള്ളിയത് -പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.